Skip to main content

41 -ാമത് ദേശീയ നേത്രദാന പക്ഷാചരണം

സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി
ബോധവത്ക്കരണ സെമിനാറും കാഴ്ച പരിശോധന ക്യാമ്പും  സംഘടിപ്പിച്ചു

ദേശീയ നേത്രദാന പക്ഷാചരണത്തിൻ്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി ബോധവത്ക്കരണ സെമിനാർ, ഓൺലൈൻ പ്രശ്നോത്തരി, കാഴ്ച പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ഉദ്ഘാടനം  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്  എ അബ്ദുൾ ലത്തീഫ് നിർവഹിച്ചു. മരണാനന്തരം നേത്രദാനം ചെയ്ത പെരിങ്കുന്നം സ്വദേശിനി  പാലാട്ടുകൊളുമ്പ് വീട്ടിൽ വത്സലയുടെ മകൻ വിഘ്നേഷിനെ  ആദരിച്ചു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ അധ്യക്ഷയായി. ഹുസൂർ ശിരസ്‌തദാർ പി ഷാജി നേത്രദാന പക്ഷാചരണ ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ജീവനക്കാർക്കായി ഓൺലൈൻ പ്രശ്‌നോത്തരി  സംഘടിപ്പിച്ചു.
 

ജില്ലാ ആശുപത്രി ഓഫ്താൽമിക് സർജൻ ഡോ. റോഹൻ എ ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സയന,  ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, ജില്ലാ ഓഫ്താൽമിക് കോർഡിനേറ്റർ രാധാദേവി എസ് ജെ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ദേശീയ അന്ധതാ - കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ നേതൃത്വത്തിൽ ഡോക്‌ടർമാർ , ഒപ്റ്റോമെട്രിസ്റ്റുമാർ എന്നിവർ അടങ്ങുന്ന സംഘം കാഴ്ച പരിശോധന ക്യാമ്പ് നടത്തി. 250- ഓളം ജീവനക്കാർ പങ്കെടുത്തു. പ്രമേഹരോഗമുള്ള വ്യക്തികൾക്ക് പ്രത്യേക കാഴ്ച്ച പരിശോധന സംവിധാനവും ജില്ലാ പഞ്ചായത്തിൻറെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന "നയനപഥം" മൊബൈൽ  ഓഫ്താൽമിക് യൂണിറ്റിൻ്റെ സേവനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലെ നേത്രരോഗ ചികിത്സ വിഭാഗത്തിലേക്ക് റഫർ ചെയ്തു.

date