ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം വരുന്നു
നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 7ന് മന്ത്രി വി. ഇ അബ്ദുൾ ഗഫൂർ നിർവ്വഹിക്കും
ഇന്ത്യയിൽ ആദ്യമായി ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസവും ശാക്തീകരണവും ലക്ഷ്യമിട്ട് ഒരുങ്ങുന്ന മാതൃകാ 'ഭിന്നശേഷി പുനരധിവാസ ഗ്രാമ'ത്തിന്റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 7ന് നടക്കും. രാവിലെ 10.30ന് മലപ്പുറം പുത്തനത്താണി ചുങ്കം ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ അബ്ദുൾ ഗഫൂർ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
തിരൂർ താലൂക്കിലെ കുറുമ്പത്തൂർ വില്ലേജിൽ ഉൾപ്പെടുന്ന പുത്തനത്താണി ചുങ്കത്ത് അഞ്ച് ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബൃഹദ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം, ക്ഷേമം, സാമൂഹിക സുരക്ഷ, അവസര സമത്വം, സ്വയംപര്യാപ്തത, അന്തസ്സോടെയുള്ള ജീവിതം എന്നിവ ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിത്വത്തിന്റെ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, സമയബന്ധിതമായ ഇടപെടൽ, ചികിത്സ, പുനരധിവാസം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ, സാമൂഹിക-സാമ്പത്തിക ശാക്തീകരണം തുടങ്ങിയ എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ഏകോപിപ്പിച്ച് ലഭ്യമാക്കാൻ പുനരധിവാസ ഗ്രാമത്തിന് സാധിക്കും. ഭിന്നശേഷിക്കാരുടെ പൂർണ്ണമായ സാമൂഹിക ഉൾച്ചേരൽ ഉറപ്പാക്കുന്ന സംസ്ഥാനത്തെ തന്നെ മാതൃകാ സംരംഭമായാണ് സാമൂഹ്യനീതി വകുപ്പ് ഇതിനെ വിഭാവനം ചെയ്തിട്ടുള്ളത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ ഒൻപത് മണി മുതൽ രജിസ്ട്രേഷനും പത്ത് മണി മുതൽ ഭിന്നശേഷി കുട്ടികളുടെ സർഗോത്സവവും അരങ്ങേറും. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. എം. പി അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാകും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർ വിനയ് ഗോയൽ, ജില്ലാ വികസന കമ്മീഷണറും തിരൂർ സബ് കളക്ടറുമായ ദിലീപ് കെ. കൈനിക്കര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബി. സ്വാഗതവും ഡയറക്ടർ ഡോ. അരുൺ എസ് നായർ കൃതജ്ഞതയും രേഖപ്പെടുത്തും.
പി.എൻ.എക്സ്. 3608/2026
- Log in to post comments