ജില്ലാ വികസന സമിതി യോഗം ദേശീയപാതയിൽ കൂടുതൽ വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണം
തൃശ്ശൂർ കൈപ്പമംഗലം ദേശീയപാതയിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ദേശീയപാതയിലെ അപകട സാധ്യതാമേഖലകൾ കണ്ടെത്തി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് നൽകാനും കൂടുതൽ വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാനും ജില്ലാ വികസന സമിതിയിൽ പൊതുനിർദേശം. അപകട മേഖലകൾ കണ്ടെത്താൻ ആർ ടി ഓയുടെ നേതൃത്വത്തിൽ സംയുക്തപരിശോധനകൾ നടത്തണം. കളർകോട് മുതലുള്ള എൻ എച്ചിന്റെ മേഖലകളിൽ കൂടുതൽ ദിശാസൂചക ബോർഡുകൾ സ്ഥാപിക്കണം. വൈ എം സി എ പാലം മുതൽ വഴിച്ചേരി പാലം വരെയുള്ള മേഖലയിലും ട്രാഫിക് ദിശാ സൂചകങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശിച്ചുണ്ട്.
പൂച്ചാക്കൽ രജിസ്‌ട്രേഷൻ ഓഫീസ് കെട്ടിടത്തിന്റെ നവീകരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയിൽ പങ്കെടുത്ത നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറും അരൂർ എം എൽ എയുമായ ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. തുറവൂർ ആശൂപത്രിയുടെ വികസനപ്രവർത്തികൾക്കായി തുടർ നടപടികൾ സ്വീകരിക്കും. മാക്കേകടവ്-നേരേകടവ് പാലം നിർമാണം ഉടൻ പൂർത്തിയാകും. നാലുകുളങ്ങര മുതൽ ചെല്ലാനം റോഡ് വരെ പൈപ്പ്ലൈൻ സ്ഥാപിക്കും. ചേരുംകല- ഹേലാപുരം പ്രദേശത്തെ വെള്ളകെട്ട് പരിഹരിക്കാൻ താത്കാലിക സംവിധാനം ഏർപ്പെടുത്തിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. വെള്ളം പമ്പചെയ്തു നീക്കാൻ സ്ഥിരമായ മോട്ടോർ സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കും. അരൂർ ഫയർ സ്റ്റേഷൻ നിർമാണത്തിന് സാങ്കേതിക അനുമതി ലഭ്യമാകുന്ന പ്രക്രിയ വേഗത്തിലാക്കും. അരൂർ മണ്ഡലത്തിലെ പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായി അവയുടെ വിസ്തീർണം അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു.
ദേശീയപാത മേഖലയിലെ ആറാട്ടുവഴി-കൊമ്മാടി പ്രദേശത്തെ വെള്ളക്കെട്ട്പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആലപ്പുഴ എം എൽ എ എ ഡി തോമസ് ആവശ്യപ്പെട്ടു. മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ താത്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഹൗസ്ബോട്ടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം കൈകാര്യംചെയ്യുന്നതിന് ട്രീറ്റ്മെന്റ് പ്ളാൻറ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തെരുവ്നായ ശല്യം പരിഹരിക്കുന്നതിന് ആലപ്പുഴ എ ബി സി കേന്ദ്രത്തിന്റെ നവീകരണപ്രവർത്തികൾ വേഗത്തിലാക്കണമെന്നും എം എൽ എ പറഞ്ഞു.
കായംകുളം സർക്കാർ ഗേൾസ് ഹൈസ്കൂൾ കെട്ടിടം നിർമാണപ്രവർത്തികൾ വേഗത്തിലാക്കണമെന്നു എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ പ്രതിനിധി അഡ്വ. യു മുഹമ്മദ് ആവശ്യപ്പെട്ടു. മുതുകുളം ബ്ലോക്കിലെ തെരുവ്നയാ ശല്യം പരിഹരിക്കാൻ അടിയന്തിരമായി എ ബി സി സെന്റർ സ്ഥാപിക്കാൻ തുടർനടപടികൾ സ്വീകരിക്കണം. കായംകുളത്ത് പുതിയ കെ എസ് ആർ ടി സി ടെർമിനലിന്റെ നിർമാണപ്രവർത്തികൾ വേഗത്തിലാക്കാനും മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കാനും യോഗത്തിൽ ആവശ്യപ്പെട്ടു.
കുട്ടനാട്ടിൽ രണ്ടാം കൃഷി നടക്കാത്ത പാടശേഖരങ്ങളിലെ നിയന്ത്രിത പമ്പിങ് സംബന്ധിച്ച തുടർനടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ പങ്കെടുത്ത കുട്ടനാട് എം എൽ എ റെജി ചെറിയാൻ ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ വിവിധ അംബേദ്‌കർ നഗറുകളിലെ റോഡ് പുനരുദ്ധാരണം അടിയന്തിരമായി പൂർത്തിയാക്കണം. കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴിച്ച റോഡുകളും പൂർവസ്ഥിതിയിലാക്കണം. തകഴി ഫയർ സ്റ്റേഷൻ നിർമാണത്തിന്റെ പശ്ചാത്തല പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. കുട്ടനാട്ടിലെ വിവിധ സ്കൂൾ കോമ്പൗണ്ടുകളിലെ വെള്ളക്കെട്ട് പ്രശ്നം ഉടനടി പരിഹരിക്കണമെന്നും എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ദേശീയപാത മേഖലയിലെ സ്ഥിരം വെള്ള കെട്ട് പ്രശ്നബാധിതയിടങ്ങൾ കണ്ടെത്തി അറ്റകുറ്റപണികൾ നടത്തണമെന്നു ചേർത്തല എം എൽ എ പി പ്രസാദ് പറഞ്ഞു. പല സ്ഥലങ്ങളിലും സൂചക ബോർഡുകൾ സ്ഥാപിക്കാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. ഒറ്റമശ്ശേരി മേഖലയിലെ കടൽഭിത്തിയുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. അർത്തുങ്കൽ ബൈപാസിൽ കുടിവെള്ളച്ചോർച്ച പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്തണം. ചേർത്തല ഇരുമ്പുപാലം നിർമാണത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
ആലപ്പി മെഗാ ടൂറിസം പദ്ധതികളുടെ ഭാഗമായി നിർമിച്ച ഹൗസ് ബോട്ട് ടെർമിനൽ കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ നടത്താൻ നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാൽ എം പിയുടെ പ്രതിനിധി എ എ ഷുക്കൂർ യോഗത്തിൽ ആവശ്യപ്പെട്ടു. പുന്നപ്ര തെക്ക് ഒന്നാം വാർഡിൽ കടലാക്രമണം തടയാൻ ജിയോ ബാഗുകൾ സ്ഥാപിക്കണം. തങ്കി കവലയ്ക്ക് പടിഞ്ഞാറുഭാഗത്ത് പൊതുജനങ്ങൾക്ക് അനുകൂലമായ സ്ഥലത്ത് റെയിൽവേ ഗേറ്റ് നിർമിക്കണമെന്നും എം.പിയുടെ പ്രതിനിധി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ തുരുത്തുകൾ വിനോദസഞ്ചാരത്തിനു ഉപയോഗിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫിസർ ദീപ ശിവദാസൻ, സബ് കളക്ടർ ഡോ സി ശക്തിവേൽ, എ ഡി എം സി പ്രേംജി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments