*ദേശീയപാതാ വികസനവും അനധികൃത പാർക്കിംഗും ചർച്ച ചെയ്ത് ജില്ലാ വികസന സമിതി യോഗം*
*ജില്ലാ വികസന സമിതി യോഗം ചേർന്നു*
ദേശീയപാതാ വികസനവും സർവീസ് റോഡ് നിർമാണവും, ദേശീയപാതയിലെ അനധികൃത പാർക്കിംഗ്, വന്യജീവി പ്രതിരോധത്തിനായുള്ള എ.ഐ ക്യാമറ സ്ഥാപിക്കൽ, തീരദേശഹൈവേ നിർമാണം, ലൈഫ് മിഷൻ, ട്രൈബൽ ഉന്നതിയിലെ സോളാർ ഫെൻസിംഗ് സ്ഥാപിക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ വികസന സമിതി യോഗം ചേർന്നു.
ദേശീയപാതകളിൽ കണ്ടെയിനറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എമാരായ എൻ. കെ. അക്ബർ, കെ. കെ. രാമചന്ദ്രൻ, യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധി ഷോൺ പെല്ലിശ്ശേരി എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. ഇവിടങ്ങളിൽ പരിശോധന ശക്തമാക്കാൻ പൊലീസിനും ആർ.ടി.ഒ എൻഫോഴ്സ്മെന്റിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
തീരദേശഹൈവേയുമായി ബന്ധപ്പെട്ട് എടക്കഴിയൂർ, കടിക്കാട്, പുന്നയൂർ, വാടാനപ്പിള്ളി, കടപ്പുറം വില്ലേജുകളിൽ സർവേ ജോലികൾ പൂർത്തിയായതായി സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ബാക്കിയുള്ള 11 വില്ലേജുകളിൽ സർവേ പൂർത്തിയാക്കാൻ കൂടുതൽ സർവേയർമാരെ താത്കാലികമായി നിയമിക്കുന്നതിനുള്ള പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കളക്ടർ അറിയിച്ചു.
പുതുക്കാട് മണ്ഡലത്തിൽ വന്യജീവിശല്യം പതിവായുള്ള മലയോര ഗ്രാമങ്ങളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അഞ്ച് എ.ഐ ക്യാമറകൾ സ്ഥാപിച്ചതായി ചാലക്കുടി ഡി.എഫ്.ഒ അറിയിച്ചു. കൂടാതെ, പ്രദേശത്തെ റാപ്പിഡ് റെസ്പോൺസ് ടീമിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 14 കിലോമീറ്റർ തൂക്കുവേലി നിർമിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. വാഴാനി ട്രൈബൽ ഉന്നതിയിലുള്ള സോളാർ ഫെൻസിംഗിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്ന് തൃശ്ശൂർ ഡി.എഫ്.ഒ അറിയിച്ചു.
സ്കൂളുകളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി സാക്ഷ്യപത്രം നൽകാൻ എല്ലാ എസ്.ഡി.പി.ഒമാർക്കും, തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും, റേഞ്ച് എക്സൈസ് ഇൻസ്പെക്ടർമാർക്കും നിർദ്ദേശം നൽകിയതായി അതത് വകുപ്പുകൾ യോഗത്തിൽ അറിയിച്ചു.
തേക്കിൻകാട് സൗന്ദര്യ വത്കരണവുമായി ബന്ധപ്പെട്ടു കൊച്ചിൻ ദേവസ്വം ബോർഡ്, തൃശ്ശൂർ കോർപറേഷൻ, ഡി.ടി.പി.സി, ആർക്കിയോളജി വകുപ്പ് എന്നിവർ സംയുക്ത പരിശോധന നടത്തും. കൊച്ചിൻ ദേവസ്വം ബോർഡ് ഇതിനായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
വടക്കാഞ്ചേരി മേഖലയിൽ വിദ്യാർത്ഥികൾക്ക് യാത്ര നിഷേധിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ കണ്ടക്ടറുടെ ലൈസൻസ് അയോഗ്യമാക്കുകയും കുറ്റക്കാരായ മറ്റ് ജീവനക്കാരുടെ ലൈസൻസും ബസ് പെർമിറ്റുകളും റദ്ദാക്കാൻ പോലീസിന്റെ ശുപാർശപ്രകാരം നടപടികൾ സ്വീകരിക്കുകയും ചെയ്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പരാതികൾ തടയുന്നതിനായി എല്ലാ സ്വകാര്യ ബസ്സുകളിലും ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ നിർബന്ധമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി. കൂടാതെ, വടക്കാഞ്ചേരി, ഓട്ടുപാറ, അത്താണി എന്നിവിടങ്ങളിൽ പോലീസ് പട്രോളിംഗും മഫ്തിയിലുള്ള മിന്നൽ പരിശോധനകളും ശക്തമാക്കുകയും ബസ് ജീവനക്കാർക്കായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസും അറിയിച്ചു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പുതിയ അപേക്ഷകൾ ക്രോഡീകരിച്ച് സമർപ്പിക്കാൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് കളക്ടർ നിർദ്ദേശം നൽകി. അപേക്ഷകൾ പരിശോധിച്ച് അർഹമായവ കണ്ടെത്തി സർക്കാരിലേക്ക് അയക്കുമെന്നും കളക്ടർ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ രാജൻ ജെ. പല്ലൻ, എൻ. കെ. അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ. കെ. രാമചന്ദ്രൻ, മന്ത്രി ഒ. ജെ. ജനീഷിന്റെ പ്രതിനിധി ഷോൺ പെല്ലിശ്ശേരി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എ. ഡി. ജോസഫ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments