*സ്ത്രീ-കുട്ടി സുരക്ഷ: സ്നേഹിത, എഫ്.എൻ.എച്ച്.ഡബ്ല്യു ജില്ലാതല അവലോകന യോഗം 7-ന്*
കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്, എഫ്.എൻ.എച്ച്.ഡബ്ല്യു (ആരോഗ്യം, പോഷകാഹാരം, ശുചിത്വം) പദ്ധതി എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് റൂമിൽ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർ കൺവീനറാകും.
സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾ തടയുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി ജില്ലയിൽ ആരംഭിച്ച 24 മണിക്കൂർ സ്നേഹിത ഹെൽപ്പ് ഡെസ്ക് വഴി ഇതിനോടകം 3,743 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ അതിക്രമങ്ങൾക്ക് ഇരയായവർ ഉൾപ്പെടെ 1,274 സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ താൽക്കാലിക താമസസൗകര്യവും പുനരധിവാസവും ഉറപ്പാക്കാൻ സ്നേഹിതയ്ക്ക് സാധിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനങ്ങളുടെ നിത്യജീവിതത്തിൽ ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് എഫ്.എൻ.എച്ച്.ഡബ്ല്യു (ഫൂഡ്, ന്യൂട്രീഷൻ, ഹെൽത്ത് ആൻഡ്, വാഷ്). ഈ രണ്ട് പദ്ധതികളുടെയും കാര്യക്ഷമമായ നടത്തിപ്പിനായി പോലീസ്, വനിതാ-ശിശു വികസനം, ആരോഗ്യം, ലീഗൽ സർവീസ് അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ സര്ക്കാര്-സന്നദ്ധ മേഖലകളുടെ സംയോജിത പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
- Log in to post comments