അന്താരാഷ്ട്ര സാക്ഷരതാദിനാചരണത്തിന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 8ന്
അന്താരാഷ്ട്ര സാക്ഷരതാദിനാചരണത്തിന് കേരളം സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ആസ്ഥാനത്ത് തുടക്കമായി. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. അഹമ്മദുൾ കബീർ എ. പി. മിഷൻ ആസ്ഥാനത്ത് പതാക ഉയർത്തി.
സാക്ഷരതാദിനാചരണത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല പരിപാടി സെപ്റ്റംബർ 8ന് രാവിലെ 10.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം മേയർ വി. വി. രാജേഷ്, തിരുവനന്തപുരം എം.പി. ശശി തരൂർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി എന്നിവർ മുഖ്യാതിഥികൾ ആകുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. പി. സജിത്ത്ബാബു വിശിഷ്ട അതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ-കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെമ്പഴന്തി ഉദയൻ, പാളയം വാർഡ് കൗൺസിലർ ഷേർളി എസ് എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം നടത്തിയ പ്രേരക്മാരെയും, സവിശേഷ നേട്ടം കൈവരിച്ച പഠിതാക്കളെയും ആദരിക്കും.
'സാക്ഷരത - ജനങ്ങൾക്കും ഭൂമിക്കും സമൃദ്ധിക്കും വേണ്ടി' എന്നതാണ് യുനെസ്കോയുടെ ഈ വർഷത്തെ അന്താരാഷ്ട്ര സാക്ഷരതാദിനത്തിന്റെ പ്രമേയം. പ്രമേയത്തെ ആസ്പദമാക്കി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ മുഖ്യപ്രഭാഷണം നടത്തും.
പി.എൻ.എക്സ്. 3620/2026
- Log in to post comments