മത്സ്യത്തൊഴിലാളികളോട് സൗഹൃദപരമായ സമീപനം വേണം; വകുപ്പിലെ ഒഴിവുകൾ നികത്താൻ നടപടി: മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ
ഫിഷറീസ്-ഹാർബർ എൻജിനീയറിങ്- സാമൂഹ്യ നീതി വകുപ്പുകളുടെ അവലോകന യോഗം ചേർന്നു
ഫിഷറീസ് വകുപ്പ് കേവലം ശിക്ഷാനടപടികൾ സ്വീകരിക്കുന്ന ഏജൻസിയായി മാത്രം മാറരുതെന്നും, മത്സ്യത്തൊഴിലാളികളോട് സൗഹൃദപരവും ക്ഷേമത്തിലധിഷ്ഠിതവുമായ സമീപനമായിരിക്കണം സ്വീകരിക്കേണ്ടതെന്നും ഫിഷറീസ്- ഹാർബർ എൻജിനീയറിങ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ. പൊന്നാനി പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസ് കോൺഫ്രൻസ് ഹാളിൽ ഫിഷറീസ്- ഹാർബർ എൻജിനീയറിങ് വകുപ്പുകളുടെ ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.പി. നൗഷാദലി എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ജോയിന്റ് ഡയറക്ടർ (ഇൻലാന്റ്), ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി) തുടങ്ങിയ പ്രധാന തസ്തികകളിലെ ഒഴിവുകൾ നികത്താൻ വകുപ്പുതലത്തിൽ സജീവ ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 70 കി.മി.തീരദേശമുള്ള മലപ്പുറം ജില്ലയിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഊർജ്ജിതവുമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കണമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ. അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പദ്ധതികൾ നടപ്പിലാക്കുമ്പോൾ ജനപ്രതിനിധികളെയും പ്രദേശവാസികളായ സ്റ്റേക്ക് ഹോൾഡർമാരെയും കാര്യങ്ങൾ അറിയിക്കുകയും അഭിപ്രായം തേടുകയും വേണമെന്നും ഉദ്യോഗസ്ഥരും കരാറുകാരും മാത്രം ചേർന്ന് പണം ചെലവഴിച്ച് ദുർവ്യയം ചെയ്യുന്ന രീതി ഇനി അനുവദിക്കില്ലെന്നും 'പ്രോ-പബ്ലിക്', 'പ്രോ-ഫിഷർമാൻ' സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നും
എം.എൽ.എ. പറഞ്ഞു.
ഫിഷറീസ്, ഹാർബർ എൻജിനിയറിങ്, മത്സ്യഫെഡ്, ഫണ്ട് ബോർഡ്, കെ.എസ്.സി.എ.ഡി.സി., സാമൂഹ്യ നീതി തുടങ്ങിയ വിവിധ വകുപ്പുകളുടെ അവലോകനം മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു.
ഹാർബറുകളിലെ തിരക്ക് കുറയ്ക്കൽ, പുനർഗേഹം ധനസഹായം നിലവിലെ ചെലവുകൾക്കനുസരിച്ച് വർധിപ്പിക്കൽ, ഇടക്കടപ്പുറം-ചീരൻകടപ്പുറം ഭാഗങ്ങളിലെ കടൽഭിത്തി വിടവുകൾ നികത്തൽ എന്നിവ യോഗത്തിൽ പ്രമുഖ ചർച്ചയായി.ഭാവിയിൽ താനൂർ, പൊന്നാനി, പരപ്പനങ്ങാടി ഹാർബറുകളുടെ ആധുനികവത്ക്കരണം, ഡ്രെഡ്ജിങ്, ലൈവ് ഫിഷ് വെൻഡിങ് കേന്ദ്രങ്ങൾ, അക്വാ സ്റ്റോർ സ്ഥാപിക്കൽ, ബ്രാൻഡഡ് ഫിഷ് ട്രക്കുകൾ വഴി വിപണനം ശക്തമാക്കൽ, ജി.പി.എസ്/ ട്രാൻസ്പോൻഡർ ഉപയോഗം നിർബന്ധമാക്കൽ തുടങ്ങിയ സമഗ്ര നിർദ്ദേശങ്ങൾക്ക് യോഗം രൂപം നൽകി.
കൃത്യമായ ഫണ്ട് ലഭ്യമാക്കൽ, ജില്ലയിലേക്ക് അഡീഷണൽ ജില്ലാ പ്രൊബേഷൻ ഓഫീസറെയും ക്ഷേമ സ്ഥാപനങ്ങളിൽ സ്ഥിരം സൂപ്രണ്ടുമാരെയും നിയമിക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾ സാമൂഹ്യ നീതി വകുപ്പ് ഉന്നയിച്ചു.
ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, മത്സ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡ്, കെ.എസ്.സി.എ. ഡി.സി., സാമൂഹ്യ നീതി, പി.ആർ.ഡി. തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു. ഫിഷറീസ് അഡീഷണൽ ഡയറക്ടർ സ്മിത ആർ. നായർ സ്വാഗതവും ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് പി.അനീഷ് നന്ദിയും പറഞ്ഞു.
- Log in to post comments