Skip to main content

നോർക്ക കെയർ പ്ലസിൽ സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ സെൻററുകൾ വഴിയും എൻറോൾ ചെയ്യാം

പ്രചാരണ പോസ്റ്ററുകൾ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം  ചെയ്തു

കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള പ്രവാസി കേരളീയർക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യഅപകട ഇൻഷുറൻസ് പദ്ധതിയായ  നോർക്ക കെയർ പ്ലസിൽ അക്ഷയ സെൻററുകൾ വഴിയും എൻറോൾ ചെയ്യാം. പരമാവധി ആളുകൾക്ക്  നോർക്ക കെയർ എൻറോൾമെൻറ് സേവനം ലഭിക്കുന്നതിനായാണ്  സംസ്ഥാനത്ത് എല്ലായിടത്തും സാന്നിധ്യമുള്ള അക്ഷയ കേന്ദ്രങ്ങളുമായി നോർക്ക റൂട്‌സ്  സഹകരിച്ചു പ്രവർത്തിക്കുന്നത്. ഇതിന്റെ  ഭാഗമായുള്ള പ്രചാരണ  പോസ്റ്ററുകൾ തിരുവനന്തപുരത്ത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം  ചെയ്തു.  അക്ഷയ ഡയറക്ടർ സന്ദീപ് കുമാർ നോർക്ക റൂട്‌സ് സി ഇ ഓ രാജേഷ് മാധവൻ ജനറൽ മാനേജർ പ്രകാശ് പി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു. സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിൽ നോർക്ക കെയർ പ്ലസ് എൻറോൾമെൻറ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട് . ഒരു കോടി രൂപയുടെ വരെ ആരോഗ്യ ഇൻഷുറൻസും ഒരു കോടി രൂപ വരെ അപകട ഇൻഷുറൻസും ലഭിക്കുന്ന പദ്ധതിയാണ് നോർക്ക കെയർ പ്ലസ്. പങ്കാളികുട്ടികൾ എന്നിവർക്കൊപ്പം  80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേർക്കാം എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. നിലവിലുള്ള രോഗങ്ങൾക്കും ക്ലെയിം ലഭിക്കും. പൊതുമേഖലാ  ഇൻഷുറൻസ് കമ്പനിയുമായി  ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.  നോർക്ക കെയർ പ്ലസ് പദ്ധതി ആദ്യ എൻറോൾമെൻറ് സമയത്ത് അംഗങ്ങളാകാൻ  കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകണമെന്ന് പ്രവാസികൾ ആവശ്യം ഉന്നയിച്ചിരുന്നു. സർക്കാർ ഇക്കാര്യം  പരിഗണിച്ചതിന്റെ  ഭാഗമായി രണ്ടാം ഘട്ട എൻറോൾമെൻറ് നടത്തിവരുന്നു.  സെപ്റ്റംബർ 18 വരെ പദ്ധതിയിൽ ചേരാം. ഓഗസ്റ്റ് 18 നു ആരംഭിച്ച രണ്ടാം ഘട്ട എൻറോൾമെന്റിൽ ഇതുവരെ ഇരുപത്തി മൂവായിരത്തോളം കുടുംബങ്ങൾ നോർക്ക കെയർ പ്ലസിൽ എൻറോൾ ചെയ്തിട്ടുണ്ട്. മൊത്തം എൻറോൾ ചെയ്ത കുടുംബങ്ങൾ അൻപത്തി അയ്യായിരമായി.

പി.എൻ.എക്‌സ്. 3647/2026

date