Skip to main content

കായിക മേളകൾ പോലീസ് സേനയെ ഊർജ്ജസ്വലമാക്കും:  മന്ത്രി രമേശ് ചെന്നിത്തല

പോലീസ് സേനയുടെ കരുത്തും കാര്യക്ഷമതയും ഊർജ്ജസ്വലതയും വർദ്ധിപ്പിക്കുന്നതിൽ പോലീസ് കായിക മേളകൾക്ക് സുപ്രധാന  പങ്കുണ്ടെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ അന്തർദേശീയ കായിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കേരള പോലീസിലെ കായിക താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 47-മത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് ഗെയിംസ് മീറ്റ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പോലീസ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന മികച്ച കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വേദിയാണ് സംസ്ഥാന പോലീസ് അത്‌ലറ്റിക് ആൻഡ് ഗെയിംസ് മീറ്റ്. പോലീസ് സേനയുടെ ശാരീരികവും മാനസികവുമായ കാര്യക്ഷമതയാണ് സംസ്ഥാന സുരക്ഷയുടെയും സമാധാനത്തിന്റെയും അടിത്തറ. അതിനാൽ കായിക മത്സരങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന്  പോലീസ് കായികതാരങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ലഹരിക്കെതിരെ കൊടുങ്കാറ്റായി മാറിയ ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ 'യെസ് ടു സ്‌പോർട്‌സ്നോ ടു ഡ്രഗ്‌സ്എന്ന സന്ദേശമുൾക്കൊണ്ടാണ് ഇത്തവണത്തെ സംസ്ഥാന പോലീസ് കായിക മേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കായികമേളയുടെ ഭാഗമായി കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് എത്തിച്ചേർന്ന ദീപശിഖ ആഭ്യന്തരമന്ത്രി ഏറ്റുവാങ്ങി. ഇതിന് ശേഷം നടന്ന 41 യൂണിറ്റുകളുടെ മാർച്ച് പാസ്റ്റോടെയാണ് 47-മത് പോലീസ് കായികമേളയ്ക്ക് തുടക്കമായത്. മാർച്ച് പാസ്റ്റിന് മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിന് സംസ്ഥാന പോലീസ് മേധാവി  റവാഡ ആസാദ് ചന്ദ്ര ശേഖർ സ്വാഗതമാശംസിച്ചു.

ഉദ്ഘാടന ചടങ്ങിൽ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം,  ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായഇൻറലിജൻസ്  എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയൻസംഘാടക സമിതി സെക്രട്ടറിയും പോലീസ് ആസ്ഥാനത്തെ ഐ.ജിയുമായ ഹർഷിത അത്തലൂരിസാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐ.ജി എസ്. അജിത ബീഗം മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചു. കേരള പോലീസ് ബാൻഡ്നിർമ്മലാ ഭവൻ ഹയർ സെക്കൻഡറി സ്‌കൂൾകാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ സംയുക്ത ബാൻഡ് പ്രകടനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ സമാപിച്ചത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയംയൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ ഇന്നും നാളെയും (സെപ്റ്റംബർ 9, 10) തീയതികളിൽ കായിക മേള തുടരും. 10 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി. ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

പി.എൻ.എക്‌സ്. 3650/2026

date