ഗ്യാസ് അദാലത്ത്; വിതരണത്തിലെ കാലതാമസം നാല് ആഴ്ചയ്ക്കകം പരിഹരിക്കുമെന്ന് എ ഡി എം എസ്.സജീദ്
ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി കൊല്ലം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്യാസ് അദാലത്ത് സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ് സജീദിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ ജില്ലാതലത്തില്‍ പരിഹരിക്കാവുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടു. ശേഷിക്കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ സെയില്‍സ് ഓഫീസര്‍മാര്‍ക്ക് എ ഡി എം നിര്‍ദേശം നല്കി.
ഗ്രാമീണ മേഖലകളില്‍ ഗ്യാസ് ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ദിവസമായി കുറച്ചതിനെ തുടര്‍ന്ന് പ്രതിദിന റിഫില്‍ ബുക്കിങ്ങില്‍ വര്‍ധനയുണ്ടായതാണ് വിതരണത്തില്‍ ചെറിയ കാലതാമസത്തിന് കാരണമെന്ന് സെയില്‍സ് ഓഫീസര്‍ അറിയിച്ചു. നിലവിലെ പ്രശ്നങ്ങള്‍ മുന്ന് നാല് ആഴ്ചയ്കള്ക്കകം പരിഹരിക്കാനാള്ള നടപടി സ്വീകരിച്ചതായി എ ഡി എം എസ്.സജിത് പറഞ്ഞു . യുദ്ധഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ ആവശ്യാനുസരണം മാത്രം സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് വിതരണത്തിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും എ ഡി എം വ്യക്തമാക്കി.
അദാലത്തില്‍ പങ്കെടുക്കാതിരുന്ന ഗ്യാസ് ഏജന്‍സി ഉടമകള്‍ക്ക് നോട്ടിസ് നല്കി വിശദീകരണം തേടാനും എ ഡി എം നിര്‍ദേശിച്ചു.
ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിനായി ജില്ലാ, താലൂക്ക് തലങ്ങളില്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് ശക്തമായ പരിശോധന നടത്തുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ വി സിന്ധു അറിയിച്ചു. പരാതികളില്‍ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments