Skip to main content

ആത്മഹത്യാ പ്രതിരോധ ക്യാമ്പയിനു തുടക്കമാകുന്നു

കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും മാനസിക-സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 10 വരെ നീളുന്ന ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന് തുടക്കമാകുന്നു. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ലോക ആത്മഹത്യ പ്രതിരോധ ദിനമായ സെപ്റ്റംബർ 10-ന് വനിതാ ശിശു വികസന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷണ നിർവഹിക്കും.

പഠനസമ്മർദ്ദം, പരീക്ഷാ പരാജയം, കുടുംബത്തിലെ പ്രശ്‌നങ്ങൾ, മാതാപിതാക്കളുടെ അമിത പ്രതീക്ഷകൾ, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, ഏകാന്തത, സൈബർബുള്ളിയിംഗ്, അമിതമായ സോഷ്യൽ മീഡിയ ഉപയോഗം, ഓൺലൈൻ ഗെയിമിംഗ് തുടങ്ങിയ വിവിധ ഘടകങ്ങൾ കുട്ടികളുടെ മാനസിക ക്ഷേമത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പയിന് രൂപം നൽകിയിരിക്കുന്നത്.

‘Start the Conversation - Let's Talk, Let's Listen, Let's Support’ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവബോധം വർധിപ്പിക്കുക, മാനസിക സമ്മർദ്ദത്തിന്റെയും ആത്മഹത്യാ ചിന്തകളുടെയും മുന്നറിയിപ്പ് സൂചനകൾ നേരത്തെ തിരിച്ചറിയുക, കുട്ടികൾക്ക് സുരക്ഷിതമായി സംസാരിക്കാനും സഹായം തേടാനും അവസരം ഒരുക്കുക, ആവശ്യമായ പിന്തുണയും വിദഗ്ധ സേവനങ്ങളിലേക്കുള്ള റഫറൽ സംവിധാനവും ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.

പി.എൻ.എക്‌സ്. 3675/2026

date