വിവരം ലഭിക്കുക എന്നത് പൗരന്റെ മൗലികാവകാശം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി.കെ. രാമകൃഷ്ണന് വിവരാവകാശ കമ്മീഷന് സിറ്റിംഗ് നടത്തി
വിവരം ലഭിക്കുക എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും പൊതുജനങ്ങള്‍ക്ക് ഓഫീസുകളില്‍ നിന്ന് സമയബന്ധിതമായി വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരാകണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി.കെ. രാമകൃഷ്ണന് പറഞ്ഞു. തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന് സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് എളുപ്പത്തിലും ചെലവുകുറഞ്ഞ രീതിയിലും അവകാശങ്ങള്‍ ഉറപ്പാക്കാനാണ് കമ്മീഷന് പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ പരിധിയിലുള്ള വിവരങ്ങള്‍ കൃത്യസമയത്ത് പൗരന്മാര്ക്ക് കൈമാറാന്‍ അതത് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ കാലാകാലങ്ങളില്‍ അപ്രകാരം വെളിപ്പെടുത്തേണ്ടതാണ്. ഓഫീസുകളിലെ ഫയലുകള്‍ കാര്യക്ഷമമായും സൂചികയിട്ടും പട്ടിക തിരിച്ചും എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ആ ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ഫയല്‍ പരിപാലനത്തിന്റെയും രജിസ്റ്ററുകള്‍ കാലാനുസൃതമായി സൂക്ഷിക്കുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം ഓഫീസ് മേധാവികള്‍ക്കുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഫയലുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചു വയ്ക്കേണ്ടതുമാണ്. ഓരോ ഫയലിനും വ്യക്തമായ സൂക്ഷിപ്പുകാരന് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫയല്‍ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്താല്‍ നിയമാനുസൃതമായ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. ഫയല്‍ ലഭ്യമല്ല എന്ന കാരണം പറഞ്ഞ് വിവരം നിഷേധിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
വിവരം കൈമാറുക എന്നത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ മാത്രം ചുമതലയല്ല. ആവശ്യമായ വിവരങ്ങള്‍ മറ്റ് ഉദ്യോഗസ്ഥരുടെ പക്കലാണെങ്കില്‍ അത് ചോദിച്ചു വാങ്ങാനുള്ള അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കുണ്ട്. ഒന്നാം അപ്പീല്‍ അധികാരികള്‍ അപ്പീലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കി മറുപടി നല്‍കേണ്ടതുമുണ്ട്.
അതോടൊപ്പം ഓഫീസുകളിലെ വിവരാവകാശ ബോര്‍ഡുകളും ഔദ്യോഗിക വെബ്സൈറ്റുകളും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. ഇവ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ പ്രധാന വിവരസ്രോതസ്സുകളായി മാറണം.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ആകെ 15 പരാതികളാണ് കമ്മീഷന് പരിഗണിച്ചത്. ഇതില്‍ 13 പരാതികള്‍ പൂര്‍ണ്ണമായി തീര്‍പ്പാക്കി. രണ്ടു പരാതികളില്‍ കക്ഷികള്‍ ഹാജരായിരുന്നില്ല.
- Log in to post comments