മസ്തിഷ്കാരോഗ്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമ്മേളനം 13 മുതൽ 16 വരെ കുസാറ്റിൽ
മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബയോടെക്നോളജി വിഭാഗത്തിന് കീഴിലുള്ള സെന്റർ ഫോർ ന്യൂറോസയൻസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര സമ്മേളനം' ICTN 2026' (International Conference on Translational Neuroscience: Brain to Behaviour) സെപ്റ്റംബർ 13 വൈകിട്ട് 4.30 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
മസ്തിഷ്കത്തിന്റെ ആരോഗ്യവും മാനസിക ക്ഷേമവും ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ചർച്ചകൾ നടത്തും. മസ്തിഷ്കാരോഗ്യവുമായി ബന്ധപ്പെട്ട അറിവുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം. പൊതുജനങ്ങൾക്കായി മസ്തിഷ്കാരോഗ്യ സെമിനാർ, മനുഷ്യ മസ്തിഷ്ക പ്രദർശനം, ത്രിമാന മസ്തിഷ്ക ദൃശ്യാവിഷ്കാരം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
സെൻ്ററിൻ്റെ സ്ഥാപകനായപ്രൊഫ. ഡോ. സി എസ് പൗലോസിന് സ്മരണാഞ്ജലി അർപ്പിക്കുന്നതിൻ്റെ ഭാഗമായി വിഡിയോ പ്രദർശനവും ഐ സി ടി എൻ 2026 മസ്തിഷ്ക അവബോധ മത്സര സമ്മാനദാനവും ഇതോടൊപ്പം നടക്കും.
കുസാറ്റിലെ സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അധ്യക്ഷത വഹിക്കും.
ഫിഷറീസ് ആൻഡ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം.പി, കുസാറ്റ് സിൻഡിക്കേറ്റ് അംഗമായ മുഹമ്മദ് ഷിയാസ് എം എൽ എ, കളമശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, ജില്ലാ കളക്ടർ ജി പ്രിയങ്ക , കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി, രജിസ്ട്രാർ പ്രൊഫ. ഡോ. എ യു അരുൺ, പരിപാടിയുടെ കൺവീനർ ഡോ. പി എസ് ബേബി ചക്രപാണി തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments