തുല്യതാ കോഴ്‌സുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി
സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന നാല്, ഏഴ്, പത്ത്, ഹയർ സെക്കന്ററി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള തീയതി സെപ്റ്റംബർ 25 വരെ നീട്ടി. പത്താംതരം തുല്യതാ കോഴ്‌സ് വിജയിക്കുന്നവർക്ക് എസ്.എസ്.എൽ.സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അർഹതയുണ്ടായിരിക്കും. മേയ് ഒന്നിന് 17 വയസ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയ്ക്ക് അപേക്ഷിക്കാം. 2020 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി എഴുതി പരാജയപ്പെട്ടവർക്കും ചേരാവുന്നതാണ്. 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയാണ് കോഴ്‌സ് ഫീസ് (എസ്.സി/എസ്.ടി വിഭാഗക്കാർ 100 രൂപ അടച്ചാൽ മതി).
പത്താം ക്ലാസ് പാസായി മേയ് ഒന്നിന് 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതയ്ക്ക് (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്) അപേക്ഷിക്കാം. 300 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 2600 രൂപയാണ് കോഴ്‌സ് ഫീസ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസ് മാത്രം മതിയാകും. 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്കും ട്രാൻസ്‌ജെൻഡർ പഠിതാക്കൾക്കും കോഴ്‌സ് ഫീസില്ല. കൂടാതെ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പഠനകാലയളവിൽ പത്താം ക്ലാസ് തുല്യതയ്ക്ക് പ്രതിമാസം 1000 രൂപയും ഹയർ സെക്കൻഡറിക്ക് 1250 രൂപയും സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകൾ kslma.keltron.in, www.literacymissionkerala.org എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ തദ്ദേശ സ്ഥാപനങ്ങളിലെ പ്രേരക്മാരുമായോ ബന്ധപ്പെടുക. ഫോൺ: 0487 2365024, 9496877913, 7558941039.
- Log in to post comments