Skip to main content

അറിവാണ് ലഹരി; ജില്ലാതല വിമുക്തി ക്വിസ് മത്സരത്തിൽ അരിമ്പൂർ സെന്റ് അൽഫോൻസാസ് ഹൈസ്കൂളിന് ഒന്നാം സ്ഥാനം

 

 

എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “അറിവാണ് ലഹരി” ജില്ലാതല വിമുക്തി ക്വിസ് മത്സരത്തിൽ അരിമ്പൂർ സെന്റ് അൽഫോൻസാസ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിദ്യാർഥികളായ ആകാശ് വി.എൽ., സൗരവ് ആർ. നായർ എന്നിവർ അടങ്ങിയ ടീമിനാണ് ഒന്നാം സ്ഥാനം. ചാലക്കുടി എസ്.എച്ച്.സി.ജി. ഹൈസ്കൂളിലെ വിദ്യാർഥികളായ മഞ്ചിമാ ഷാജു പി.എസ്., മിൻഹാ ഫാത്തിമ കെ. എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനവും അന്തിക്കാട് ഹൈസ്കൂൾ വിദ്യാർഥികളായ ശ്രീഹരി പി.എൻ., നിള വി. എന്നിവർ അടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ 81 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

 

വിദ്യാർത്ഥികളെ അറിവിന്റെ വഴിയിലേക്ക് നയിക്കുക, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തോടൊപ്പം ലഹരിമുക്ത സമൂഹത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനവും ചിന്താശേഷിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 

ഇന്ത്യൻ ഭരണഘടന, സ്വാതന്ത്ര്യസമര ചരിത്രം, ലഹരിവസ്തുക്കളും ആരോഗ്യ പ്രശ്നങ്ങളും ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

 

ചടങ്ങിൽ തൃശൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. ശ്രീലത സ്വാഗതം ആശംസിച്ചു. ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക ഡോ. ബിന്ദു കെ.പി. അധ്യക്ഷത വഹിച്ചു. തൃശൂർ എക്സൈസ് സർകിൾ ഇൻസ്പെക്ടർ യു. ഷാനവാസ് ഉദ്ഘാടനവും പുരസ്‌കാരവിതരണവും നിർവഹിച്ചു.

 

ക്വിസ് മാസ്റ്റർ അഭിമന്യു മുകുന്ദൻ, തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. തൃശൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. ബിനോജ് നന്ദി പ്രകാശനം നടത്തി.

 

വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനൊപ്പം ലഹരിക്കെതിരായ സന്ദേശം യുവതലമുറയിൽ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചത്.

 

date