സ്‌കൂളുകളില്‍ കായിക മത്സരങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം: ടി ഒ മോഹനന്‍ എംഎല്‍എ
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സങ്ങള്‍ ഉദ്ഘാടനം ചെയ്തു
പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ തന്നെ കായിക മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും മികച്ച ഊന്നല്‍ നല്‍കണമെന്നും എങ്കില്‍ മാത്രമേ സ്‌പോര്‍ട്‌സ് മേഖലയില്‍ നമുക്ക് മുന്നേറ്റം നടത്താന്‍ സാധിക്കുകയുള്ളൂ എന്നും ടി ഒ മോഹനന്‍ എംഎല്‍എ. 68-ാമത് സംസ്ഥാന സ്‌കൂള്‍ ഗ്രൂപ്പ് 1 ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള നമ്മുടെ രാജ്യത്തിന് രാജ്യാന്തര സ്‌പോര്‍ട്‌സ്- ഗെയിംസ് മത്സരങ്ങളില്‍ വേണ്ടത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കണമെങ്കില്‍ ചെറുപ്രായത്തില്‍ തന്നെ മികച്ച പരിശീലനം നല്‍കുകയും സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ മഠത്തില്‍ അധ്യക്ഷത വഹിച്ചു.
പത്മശ്രീ പി ആര്‍ ശ്രീജേഷ് മുഖ്യതിഥിയായി. 2036ലെ ഒളിംപിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാവുമ്പോള്‍ അന്നത്തെ വിജയ പോഡിയത്തില്‍ മെഡലുമായി നില്‍ക്കുന്നത് സ്വപ്‌നം കാണുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്യണമെന്ന് മത്സരാര്‍ഥികളോട് അദ്ദേഹം പറഞ്ഞു.
ഡയറ്റ് പ്രിസിപ്പാള്‍ ഡോ. എസ്. കെ ജയദേവന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി എം അഖില്‍, സംസ്ഥാന സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ അജിത് വര്‍ഗീസ്, അസി.സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദ്, എസ്എസ്‌കെ ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഹാഷിം കാട്ടാമ്പള്ളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ വി. ദീപ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എം. പി ജീവ, റവന്യു ജില്ലാ സ്‌പോര്‍ട്‌സ് സെക്രട്ടറി സി എം നിധിന്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ പി എസ് അഖില്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments