മത്സരപ്പരീക്ഷാ പരിശീലനത്തിന് എ.ഐ അധിഷ്ഠിത മുകുളം പോര്ട്ടല്: മന്ത്രി എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്യും
ദേശീയ തലത്തിലുള്ള മത്സരപ്പരീക്ഷകൾക്ക് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സൗജന്യ എഐ അധിഷ്ഠിത പരിശീലനത്തിന് പോർട്ടൽ ഒരുങ്ങി.
സാമ്പത്തിക പ്രതിസന്ധികൾ കാരണം കോച്ചിംഗ് സെന്ററുകളിൽ പോകാൻ സാധിക്കാത്ത സാധാരണക്കാരായ കുട്ടികൾക്കും നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി, ഐ.ഐ.എസ്.ഇ.ആർ, കെ.വി.പി.വൈ തുടങ്ങിയ ദേശീയ-അന്തർദേശീയ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സൗജന്യ പരിശീലനം നൽകാനാണ് പോർട്ടൽ ആരംഭിക്കുന്നതെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.
നിർമിതബുദ്ധി പ്രയോജനപ്പെടുത്തി കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പദ്ധതി ആരംഭിക്കുന്നത്.
പോർട്ടലിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ സെപ്റ്റംബർ 15 ന് തിരുവനന്തപുരത്തുള്ള ജവഹർ സഹകരണ ഭവനിൽ രാവിലെ 10.30-ന് നടക്കുന്ന ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ പരിശീലന പരിപാടിയിൽ നിർവഹിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും നടക്കുന്ന പരിശീലന കേന്ദ്രങ്ങൾ ഓൺലൈനായി ഉദ്ഘാടന ചടങ്ങിൽ പങ്കുചേരും.
തെരഞ്ഞെടുത്ത 25 സ്കൂളുകളിൽ വിജയകരമായി പൂർത്തിയാക്കിയ പൈലറ്റ് പ്രോജക്റ്റിന് ശേഷമാണ് പദ്ധതി സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കുന്നത്. കുട്ടികളുടെ വ്യക്തിഗത പഠന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ പരിശീലനവും പിന്തുണയും നൽകാൻ മുകുളം പോർട്ടലിൽ കൈറ്റിന്റെ എഐ സാങ്കേതികവിദ്യ സമന്വയിപ്പിച്ചിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങൾക്കുള്ള ഡിജിറ്റൽ പഠന സാമഗ്രികൾ എഐ സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ കൈറ്റ് വെബ്സൈറ്റിൽ തയ്യാറാക്കിയിട്ടുണ്ട്.
പി.എൻ.എക്സ്. 3741/2026
- Log in to post comments