Skip to main content
ജില്ലാതല അവലോകന യോഗം; ഫിഷറീസ് വകുപ്പിന്റെ വരുമാനം വര്‍ദ്ധിപ്പിക്കും- മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ 

ജില്ലാതല അവലോകന യോഗം; ഫിഷറീസ് വകുപ്പിന്റെ വരുമാനം വര്‍ദ്ധിപ്പിക്കും- മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ 

 

വരുമാനം സൃഷ്ടിക്കുന്ന വകുപ്പാക്കി ഫിഷറീസ് വകുപ്പിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീറിങ് - സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
     
തലശ്ശേരി സബ്കലക്ടര്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ ജില്ലാ വകുപ്പ്തല അവലോകന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാന വരുമാനത്തിന്റെ 1.76% മാത്രമാണ് ഫിഷറീസ് വകുപ്പിന്റെ സംഭാവന.  അത് അഞ്ച് ശതമാനമാക്കി ഉയര്‍ത്തുകയാണ് സ്വപ്നം.  പിഴവുകളില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ട്.  മത്സ്യ മേഖലയിലെ വിവിധ ഏജന്‍സികള്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ സ്ഥിതിവിവരകണക്കുകള്‍ ഏജന്‍സികളുടയും വകുപ്പിന്റെയും പക്കലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കേണ്ടതുണ്ട്.  പാതി വഴിയിലായ പദ്ധതികളുടെ വിവരങ്ങളും മനസിലാക്കണം.  ഒപ്പം സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയും വേണം- മന്ത്രി പറഞ്ഞു.

കടല്‍ രക്ഷാ പ്രവര്‍ത്തനമാണ് ഫിഷറീസ് വകുപ്പിന്റെ മുഖ്യ ഉത്തരവാദിത്തങ്ങളിലൊന്ന്.  അതിനായി സര്‍ക്കാര്‍ പ്രത്യേക പ്രവര്‍ത്തന മാനദണ്ഡം അഥവാ എസ് ഒ പി രൂപികരിക്കുന്നുണ്ട്.  അതനുസരിച്ച് കൃത്യതയോടെ ഇടപെടാന്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണം.  തലായി ഹാര്‍ബറിന്റെയും, ഗോപാല്‍പേട്ട ഫിഷ് ലാന്റിങ് സെന്ററിന്റെയും ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണും.  ജില്ലയിലെ ഉള്‍നാടന്‍ മത്സ്യ മേഖലയെ ശക്തിപ്പൈടുത്തും.  മത്സ്യ ബന്ധന ബോട്ടുകള്‍ ട്രാന്‍സ്‌പോണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കര്‍ശന പരിശോധനയും നടപടിയും കൈക്കൊള്ളണമെന്നും മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെകുറിച്ചും അടിയന്തിരാവശ്യങ്ങളെക്കുറിച്ചുമുള്ള രൂപരേഖ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജുഗ്‌നു അവതരിപ്പിച്ചു.  ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളില്‍ മണ്ണു മാന്തുന്നത് കാര്യക്ഷമമാക്കി തുറമുഖങ്ങളുടെ പരമാവധിശേഷി വീണ്ടെടുക്കണമെന്ന് അവര്‍ പറഞ്ഞു.  കോള്‍ഡ് സ്റ്റോറേജ് ശൃംഖല, റഫ്രിജറേറ്റഡ് ട്രക്കുകള്‍, ചെറുബോട്ടുകളില്‍ ഐസ് ബോക്‌സുകള്‍, മത്സ്യ തൊഴിലാളികള്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍, ഡീസല്‍ സബ്‌സിഡി, മര ബോട്ടുകള്‍ മാറ്റി സ്റ്റീലോ ഫൈബറോ കൊണ്ടുള്ള ബോട്ടുകള്‍ ആക്കാനുള്ള ധനസഹായം, ലൈസന്‍സ് പിഴത്തുക കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങിയവയാണ് കടല്‍ മത്സ്യ ബന്ധന മേഖലയില്‍ നിന്നുള്ള ആവശ്യങ്ങളെന്ന് അവര്‍ മന്ത്രിയെ അറിയിച്ചു.

ഉള്‍നാടന്‍ മത്സ്യ മേഖലയിലെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  പടുത മത്സ്യകൃഷുക്കുള്ള സഹായം വ്യക്തികള്‍ക്കുകൂടി ഏര്‍പ്പെടുത്തുക, ഉല്‍പാദനം മാനദണ്ഡമാക്കി മത്സ്യകൃഷിക്കാര്‍ക്ക് ഇന്‍സന്റീവ് ഏര്‍പ്പെടുത്തുക.  സൌജന്യ വൈദ്യുതി, കൃത്യമായ പരിശീലന പരിപാടികള്‍, തുടങ്ങിയ ആവശ്യങ്ങളാണ് ഉള്‍നാടന്‍ മത്സ്യ കര്‍ഷകര്‍ക്കുള്ളതെന്നും അവര്‍ വ്യക്തമാക്കി.  ജില്ലയിലെ മത്സ്യ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള പൊതു നിര്‍ദ്ദേശങ്ങളുും യോഗത്തില്‍ ഉയര്‍ന്നു.  

മത്സ്യ മേഖലയിലെ വിവിധ  ഏജന്‍സികളായ കെ എസ് സി ഡി സി കെ എഫ് ഡ ബ്ല്യു എഫ് ബി അഥവാ മത്സ്യ ബോര്‍ഡ്, അഡാക്ക് ഫിഷറീസ് വകുപ്പ് സഹകരണ മേഖല, മത്സ്യ ഫെഡ് തുടങ്ങിയവയുടെ പ്രതിനിധികള്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും മന്ത്രിയെ ധരിപ്പിച്ചു.

ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് തലായി, അഴീക്കല്‍, മാപ്പിള ബേ എന്നീ മത്സ്യ ബന്ധന തുറമുഖങ്ങളുടെയും ഗോപാലപേട്ട, ചൂട്ടാട്, ധര്‍മ്മടം, ന്യൂമാഹി, എട്ടിക്കുളം, പുതിയങ്ങാടി, നീര്‍ക്കടവ് ഫിഷ് ലാന്റിങ് സെന്ററുകളുടെയും നിലവിലെ സ്ഥിതിയും അടിയന്തിരാവശ്യങ്ങളും മന്ത്രിയെ ധരിപ്പിച്ചു.

സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു അവതരിപ്പിച്ചു.  വിവിധ വിഭാഗങ്ങളിലായി സര്‍ക്കാര്‍ നല്‍കിവരുന്ന ഗ്രാന്റുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പുന:പരിശോധന നടത്തണമെന്നും നിലവിലുള്ള കുടിശ്ശിക തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അവലോകന യോഗത്തില്‍ തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്ര ശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു.  ഫിഷറീസ് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ ആമുഖ പ്രഭാഷണം നടത്തി.  ഫിഷറീസ് ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, മന്ത്രിയുടെ പി എസ് എന്‍ പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പകല്‍ 11 മണിയോടെ തലശ്ശേരിയിലെത്തിയ മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ തലായി മത്സ്യബന്ധന തുറമുഖം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.  ശേഷം തലായിയിലെ ഫീഡ് മില്ലും തലശ്ശേരിയിലെ മത്സ്യ മാര്‍ക്കറ്റും മന്ത്രി സന്ദര്‍ശിച്ചു.

വാര്‍ഡ് മെമ്പര്‍ ഷഹനാസ് മന്‍സൂര്‍, ഫിഷറീസ് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍, മന്ത്രിയുടെ പി എസ് എന്‍ പത്മകുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജുഗ്‌നു, ജോയിന്റ്  ഡെപ്യൂട്ടി ഡയറക്ടര്‍ ചുമതലയുള്ള പി അനീഷ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

date