*ഒല്ലൂർ നിയോജകമണ്ഡലത്തിലെ ടൂറിസം, റോഡ് വികസനം: ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു*
ഒല്ലൂർ നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം, പി.എം.ജി.എസ്.വൈ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ കെ. രാജൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗങ്ങൾ ചേർന്നു.
ടൂറിസം വികസന യോഗത്തിൽ ഒരപ്പൻകെട്ട് വാട്ടർ ഫാൾസ് ടൂറിസം പദ്ധതിയുടെ നിലവിലെ പുരോഗതി വിലയിരുത്തി. ജില്ലാ കളക്ടർ സ്ഥലം നേരിട്ട് സന്ദർശിച്ച് പുരോഗതി വിലയിരുത്താൻ തീരുമാനമായി. പുല്ലുകുളം ടൂറിസം പദ്ധതി, ചിയ്യാരം വാക്കിങ് സ്ട്രീറ്റ് പദ്ധതി, ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തിയ വല്ലൂർകുത്ത് ടൂറിസം പദ്ധതി എന്നിവയുടെ നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.
പി.എം.ജി.എസ്.വൈ റോഡുകളുടെ നിർമാണ പുരോഗതി യോഗത്തിൽ കല്ലിടുക്ക്-പുല്ലൂക്കാട്-പീച്ചിഡാം റോഡ്, പാണഞ്ചേരി-താളിക്കോട്-കോമ്പാറ-ചെമ്പൂത്ര റോഡ്, മുരുക്കുംപാറ-ചേരുംകുഴി-ചവറാപാടം റോഡ്, ചെന്നായ്പ്പാറ-വെള്ളക്കാരിത്തടം-ആനക്കുഴി റോഡ് എന്നിവയുടെ പ്രവൃത്തികൾ ചർച്ചയായി. റോഡ് നിർമാണങ്ങൾ ഉടൻ പുനരാരംഭിക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യൂ നൈനാൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments