കൊല്ലം ബീച്ച് ക്ലീനിങ് ക്യാമ്പയിന് സെപ്റ്റംബര്‍ 19-ന്; ഒരുക്കങ്ങള്‍ വിലയിരുത്തി
അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 19-ന് കൊല്ലം ബീച്ചിലും പരിസര പ്രദേശങ്ങളിലും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ ക്യാമ്പയിനും സംഘടിപ്പിക്കുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കൊല്ലം കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് ക്ലിനിങ് വനിതാ-ശിശുവികസന,തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മേയര്‍ എ കെ ഹഫീസ്, വിഷ്ണു മോഹന്‍ എംഎല്‍എ, ജില്ലാകലക്ടര്‍ ആനി ജൂലാ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഹരിതകര്‍മ സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ നാനൂറോളം പേര് പങ്കാളികളാകും. രാവിലെ 6.30 മുതല്‍ 9 മണി വരെയാണ് ശുചീകരണ യജ്ഞം. ബീച്ചിലെ പ്രധാന തീരമേഖല, പാര്‍ക്കിങ് ഏരിയ, അനുബന്ധ റോഡുകള്‍, പ്രവേശന കവാടങ്ങള്‍, നടപ്പാതകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ശുചീകരണം.
പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ് എസ്, കൊല്ലം സിറ്റി എസിപി എസ് ഷാജി, കൊല്ലം പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനില്‍ കുമാര്‍, കോര്പ്പറേഷന് ക്ലീന്‍ സിറ്റി മാനേജര്‍ അജി ജി , ജില്ലാ ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ ഷാനവാസ് എ, എന്‍എസ്എസ് മേഖലാ കോര്‍ഡിനേറ്റര്‍ രതീഷ് എസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പരിപാടിയുടെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി.
- Log in to post comments