Skip to main content

കാവനൂരിലെ ഭൂരഹിതർക്ക് 100 ദിവസത്തിനകം പട്ടയം

കാവനൂർ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് വേഗമേറുന്നു. ഏറനാട് താലൂക്ക്, കാവനൂർ ഗ്രാമപഞ്ചായത്ത്, കാവനൂർ വില്ലേജ് ഓഫീസ്, മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ എന്നിവയുടെ സംയുക്ത പ്രവർത്തനത്തിലൂടെയാണ് നടപടികൾ പൂർത്തിയാക്കുന്നത്.
പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ സംഗ്രഹ റിപ്പോർട്ടുകൾ മഞ്ചേരിയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ വെച്ച് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഏറ്റുവാങ്ങി. ഏറനാട് തഹസിൽദാർ സുമേഷ് ശങ്കർ പി, കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ, കാവനൂർ വില്ലേജ് ഓഫീസർ ഷാജു എന്നിവർ ചേർന്ന് ഗുണഭോക്തൃ കുടുംബങ്ങളുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ടുകൾ കൈമാറിയത്. തുടർനടപടികൾ സുഗമമാക്കുന്നതിനായി മന്ത്രി ഈ റിപ്പോർട്ടുകൾ മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ സ്പെഷ്യൽ തഹസിൽദാർ എം. മുകുന്ദന് വേദിയിൽ വെച്ചുതന്നെ കൈമാറി.
റിപ്പോർട്ട് സമർപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് 100 ദിവസത്തിനകം പട്ടയം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. സാമൂഹിക നീതിയും ഭൂസുരക്ഷയും ഉറപ്പാക്കി, അർഹരായ ഒരാളെപ്പോലും ഒഴിവാക്കാതെയുള്ള കാര്യക്ഷമമായ സേവനമാണ് ഈ പ്രത്യേക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

date