Skip to main content

പട്ടയ വിതരണത്തിൽ ലക്ഷ്യം മറികടക്കും; മഞ്ചേരിയിൽ റവന്യൂ ടവർ നിർമ്മിക്കും: മന്ത്രി എ.പി അനിൽകുമാർ ജില്ലാതല പട്ടയ മേള സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പട്ടയ വിതരണത്തിൽ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം നേട്ടമുണ്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ മലപ്പുറം ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറു ദിവസം കൊണ്ട് 5000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനകം പതിനായിരത്തിലധികം പേർക്ക് പട്ടയം നൽകാൻ കഴിഞ്ഞു. ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട് 25,000 അപേക്ഷകൾ നൂറു ദിവസത്തിനകം തീർപ്പാക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 35,000 അപേക്ഷകളിൽ തീരുമാനമെടുത്തു കഴിഞ്ഞു. ഇത് അമ്പതിനായിരമായി ഉയർത്താനാണ് നിലവിൽ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് മഞ്ചേരി താലൂക്കിന് ആസ്ഥാനമായി പുതിയ റവന്യൂ ടവർ നിർമ്മിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.
റവന്യൂ ഓഫീസുകളിലെത്തുന്ന ജനങ്ങളോട് ഉദ്യോഗസ്ഥർ അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കണം. സേവനങ്ങൾ മനപ്പൂർവ്വം വൈകിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. അതേസമയം, അവധി ദിനങ്ങളിൽപ്പോലും ജോലി ചെയ്ത് അപേക്ഷകൾ തീർപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. റവന്യൂ സേവനങ്ങൾ പരമാവധി ഡിജിറ്റലൈസ് ചെയ്ത് ജനങ്ങൾക്ക് ഓഫീസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ സേവനങ്ങൾ സുതാര്യമാക്കുന്നതിനായി തയ്യാറാക്കിയ പൗരാവകാശ രേഖയും മന്ത്രി പ്രകാശനം ചെയ്തു.
അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ ടി.വി ഇബ്രാഹിം, ടി.പി അഷ്റഫലി, മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൽ മജീദ്, ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.ഒ സാദിഖ്, മഞ്ചേരി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ബീന ജോസഫ്, വാർഡ് കൗൺസിലർമാരായ വി.പി രാധാകൃഷ്ണൻ, വി.പി ഫിറോസ്, അഡ്വ: യു.എ ലത്തീഫ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
 

date