യുവ ആപ്ദ മിത്ര ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ദുരന്തനിവാരണ പരിശീലനം നല്കി
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ യുവ ആപ്ദ മിത്ര പദ്ധതിയുടെ ഭാഗമായി ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വളണ്ടിയര്‍മാര്‍ക്കായി നല്കിയ പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടി സമാപിച്ചു. ജില്ലയിലെ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വളണ്ടിയര്‍മാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 249 പേര്‍ക്ക് രണ്ടു ഘട്ടങ്ങളിലായി ഏഴ് ദിവസത്തെ തീവ്ര പരിശീലനമാണ് നല്‍കിയത്. ദുരന്തസമയങ്ങളില്‍ തദ്ദേശീയമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രാപ്തിയുള്ള സന്നദ്ധസേവകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സമാപന സമ്മേളനം ബി.എസ്.ജി ജില്ലാ പ്രസിഡന്റ് പി.പി. കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വടകര ജില്ലാ അഡല്‍റ്റ് റിസോഴ്സ് കമ്മീഷണര്‍ ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വടകര ജില്ലാ അസോസിയേഷന് യാംസ് കോര്‍ഡിനേറ്റര്‍ പി പ്രവീണ്‍, ബി.എസ്.ജി ജില്ലാ സെക്രട്ടറി എ.പി. അസ്ലം, ഹസാഡ് അനലിസ്റ്റ് പി അശ്വതി, നാദാപുരം എം.ഇ.ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സൂര്യ, യാംസ് മാസ്റ്റര്‍ ട്രെയിനര്‍ വൈശാഖ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബ്ലസസ് ജോണ്‍, ബി.എസ്.ജി ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജയ് വില്സന്, ജില്ലാ കമ്മീഷണര്‍ റോവര്മാരായ എംഎസ് ശ്രീജിത്ത്, ആര് മിഥുന്, വടകര ജില്ലാ ഡി.ഒ.സിമാരായ സബീലു റഹ്മാന്, ശാലിനി, ജില്ലാ ട്രഷറര്‍ എം ഖാലിദ് അസീല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
ദുരന്തമുഖങ്ങളിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്ന രീതികള്‍, ശാസ്ത്രീയമായ രക്ഷാപ്രവര്‍ത്തനങ്ങള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രായോഗിക പരിശീലനമാണ് ഏഴു ദിവസങ്ങളിലായി നല്‍കിയത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഐഡി കാര്‍ഡുകള്‍, യൂണിഫോം, എമര്‍ജന്‍സി കിറ്റുകള്‍ എന്നിവ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.
- Log in to post comments