Skip to main content

എറിയാട് ഗ്രാമപഞ്ചായത്തിൽ സുനാമി മോക് ഡ്രിൽ സംഘടിപ്പിച്ചു

 

 

യുനെസ്കോ- ഐ.ഒ.സി 'സുനാമി റെഡി' പദ്ധതിയുടെ ഭാഗമായി എറിയാട് ഗ്രാമപഞ്ചായത്തിൽ സുനാമി മോക് ഡ്രിൽ സംഘടിപ്പിച്ചു. 

 

അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങളും ഏകോപനവും വിലയിരുത്തുന്നതിനായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മോക് ഡ്രിൽ നടത്തിയത്.

 

ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നിന്ന് സുനാമി മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പരിശീലനത്തിന് തുടക്കമിട്ടത്. 

 

മുന്നറിയിപ്പ് ലഭിച്ച ഉടൻതന്നെ കൊടുങ്ങല്ലൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫെൻസ്, ആപ്തമിത്ര വോളണ്ടിയർമാർ എന്നിവർ ചേർന്ന് ലൈറ്റ് ഹൗസ് ബീച്ചിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. തുടർന്ന് ഇവരെ എറിയാട് സൈക്ളോൺ ഷെൽട്ടറിലേക്ക് മാറ്റി.

 

ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ (ഇൻ ചാർജ്) ബിന്ദുവിന്റെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 

കൊടുങ്ങല്ലൂർ താലൂക്ക് ഇൻസിഡന്റ് കമ്മാൻഡറായ തഹസീൽദാർ, അഴിക്കോട് കോസ്റ്റൽ പോലീസ്, ആരോഗ്യ, റവന്യൂ, വിദ്യാഭ്യാസ, ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, മോട്ടോർ വാഹന വകുപ്പ്, പോർട്ട് കൺസർവേഷൻ, വിനോദസഞ്ചാരം തുടങ്ങി വിവിധ വകുപ്പുകൾ സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കൂടാതെ ആശാ പ്രവർത്തകർ, സിവിൽ ഡിഫൻസ്, കുടുംബശ്രീ, ഹരിതകർമസേന, കടലോര ജാഗ്രതാ സമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവരും സജീവമായി പങ്കെടുത്തു. ഒടുവിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗവും ചേർന്നതോടെ പരിശീലന പരിപാടികൾ പൂർത്തിയായി.

date