യുവതലമുറയിൽ വായനാശീലം വളർത്താൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞു: മന്ത്രി കെ മുരളീധരൻ
യുവ തലമുറയിലും വിദ്യാർഥികളിലും മലയാള പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ശീലം വളർത്താനും ഭാഷാവിജ്ഞാനം പരിപോഷിപ്പിക്കാനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരന്തരമായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞതായി മന്ത്രി കെ മുരളീധരൻ. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 58-ാം വാർഷിക ദിനാചരണത്തിന്റെ ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും കഴിഞ്ഞ 58 വർഷമായി വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ മലയാള ഭാഷാ വിജ്ഞാനത്തെ മികച്ച രീതിയിൽ പരിപോഷിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് സാധിച്ചുവെന്നും അത് മികച്ച രീതിയിൽ തുടരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സിനിമാ നടൻ ഇന്ദ്രൻസ്, മലയാളം കലിഗ്രാഫർ ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങളും മന്ത്രി പ്രകാശനം ചെയ്തു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഡയറക്ടർ (ഇൻ-ചാർജ്) വി എസ് വിനയൻ അധ്യക്ഷനായി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്, ഡോ ഓമനക്കുട്ടി, വിമലാ മേനോൻ തുടങ്ങിയവർ സന്നിഹിതരായി.
പി.എൻ.എക്സ്. 3792/2026
- Log in to post comments