വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കും: മുഖ്യമന്ത്രി
വയോജന പരിചരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടക്കുന്ന ‘റീ ഇമാജിനിങ്ങ് കേരള’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ ‘കേരളം സിൽവർ ഇക്കോണമി’ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള സിലബസുകൾ ഇതിനായി പരിശോധിക്കും. മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാകും. കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പ് സൗകര്യവും ഒരുക്കും. കൂടുതൽ തൊഴിൽ അവസരം ഇതുവഴി ലഭ്യമാകും.
ഇന്ത്യയിൽ ആദ്യമായി വയോജനങ്ങൾക്കായി വകുപ്പ് ആരംഭിച്ചത് സംസ്ഥാനത്താണ്. ജനസംഖ്യാ ഘടനയിൽ വലിയ മാറ്റം സംഭവിക്കുന്നു. ചെറുപ്പക്കാരുടെ അനുപാതം കുറയുമ്പോൾ മറുവശത്ത് വയോജനങ്ങൾ വർധിക്കുന്നു. അതിനാൽ വയോജന മേഖലയിലെ മാറ്റങ്ങളെക്കുറിച്ചും ഭാവിയെ കുറിച്ചും കൂടുതൽ ചിന്ത ആവശ്യമാണ്. വയോജനങ്ങളെ സഹായിക്കുന്നതിന് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മറ്റ് സംഘടനകളും ചേർന്ന് ഒരു ത്രികക്ഷി സംവിധാനം ഒരുക്കും. വയോജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് കൃത്യമായ ഡാറ്റാബേസ് സംവിധാനം രൂപീകരിക്കും, തദ്ദേശ സ്ഥാപനങ്ങൾ വഴി ഈ ഡാറ്റ എളുപ്പത്തിൽ ശേഖരിക്കാനാകും. ഒരു പഞ്ചായത്ത് അംഗം തന്റെ വാർഡിൽ എത്ര പേർക്ക് പരിചരണം ആവശ്യമാണെന്ന് അറിഞ്ഞിരിക്കണം.
60-80 വയസുള്ള ആരോഗ്യമുള്ള വ്യക്തിക്ക് പല കാര്യങ്ങളിലും പ്രവർത്തിക്കാനാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്ന യുവജനങ്ങൾക്കായി ടെക്നോമെന്റർ അല്ലെങ്കിൽ മാനേജ്‌മെന്റ് മെന്റർ ആയി പ്രവർത്തിക്കാൻ വയോജനങ്ങൾക്കാകും. യുവജനങ്ങളെയും വയോജനങ്ങളെയും ഒന്നിപ്പിച്ച് സാമൂഹ്യ പുരോഗതിയിലേക്ക് നയിക്കണം. പാലിയേറ്റീവ് കെയർ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും. ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായി സർക്കാർ സഹകരിക്കും. എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനമാകും സർക്കാരിന്റേത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടംബങ്ങളെയും വിട്ടുമാറാത്ത രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാനുള്ള സർക്കാർ പദ്ധതിയാണ് ‘വൺ കേരള കരുതൽ മിഷൻ’. കെയർ ഹോം മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പ്രത്യേക മാനദണ്ഡം രൂപീകരിക്കും. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കെയർ ഗീവർമാർക്കും പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പു മന്ത്രി ബിന്ദു കൃഷ്ണ, വിവിധ മേഖലകളിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പുതുയുഗകേരളം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ പ്രഖ്യാപനങ്ങളെ യാഥാർഥ്യമാക്കാനുളള സുപ്രധാന ചുവടുവയ്പാണ് റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസ്. ബജറ്റിൽ പ്രഖ്യാപിച്ച സർക്കാർ വികസന പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രുപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ത്രിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കോൺഫറൻസ് ഇന്ന് (സെപ്തംബർ 18) സമാപിക്കും.
പി.എൻ.എക്‌സ്. 3807/2026
- Log in to post comments