കെഎസ്ആർടിസിയിൽ കാണുന്നത് അഭൂതപൂർവമായ മാറ്റം: മന്ത്രി സി പി ജോൺ
പുതിയ പരിഷ്കാരങ്ങളിലൂടെ കെഎസ്ആർടിസിയെ വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. മൂലധനച്ചെലവ് കുറച്ചും സർവീസുകൾ കൂട്ടിയും പുതിയ വരുമാനമാർഗങ്ങൾ തേടിയും കെഎസ്ആർടിസിയെ നവീകരിക്കുകയാണ്. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസ്സുകൾ വാങ്ങി ഓപ്പറേറ്റ് ചെയ്യാൻ നൽകുന്ന പദ്ധതിക്ക് നല്ല സ്വീകരണം ലഭിക്കുന്നുണ്ട്. സ്വന്തം നിയോജക മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ ഓടാൻ എം എൽ എ മാർക്കും ബസ്സുകൾ വാങ്ങി നൽകാം. സ്വകാര്യ ബസ്സുകൾ വിട്ടു നൽകിയാൽ കിലോമീറ്ററിന് നിശ്ചിത തുക നൽകി സർവീസ് നടത്തും. 5,750 ബസ്സുകൾ എന്ന നിലവിലെ അവസ്ഥയിൽ നിന്ന് പതിനായിരം ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുകയാണ് ലക്ഷ്യം.
വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഊബർ ആപ്പ് ഉപയോഗിച്ച് ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നുണ്ട്. തുറമുഖ അധിഷ്ടിത ചരക്കുനീക്ക സർവിസിലേക്ക് കടക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും മന്ത്രി സി പി ജോൺ അറിയിച്ചു. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പി.എൻ.എക്സ്. 3809/2026
- Log in to post comments