അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു
കൊച്ചി കലൂരിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. മോഡൽ ഫിനിഷിംഗ് സ്കൂളിൽ അഡ്വാൻസ്ഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ദിവസത്തിനകം 9497489822, 0484-2985252, 8547005004 എന്നീ ഫോൺ നമ്പറുകളിലോ mfsekm.ihrd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താൽക്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ആരംഭിക്കുന്ന എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിലെ ഇടവേളകളിൽ സുരക്ഷിതമായ വിശ്രമസൗകര്യവും അടിസ്ഥാന ക്ഷേമസൗകര്യങ്ങളും ലഭ്യമാക്കാനാണ് ഈ കേന്ദ്രങ്ങൾ തുറക്കുന്നത്.
കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ, സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. ഇതിനുപുറമേ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആശയവിനിമയ ശേഷി, രജിസ്റ്ററുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ അഭികാമ്യമാണ്.
സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് എഴുത്തും വായനയും കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന പരിജ്ഞാനവും ശുചീകരണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിചയവും ആവശ്യമാണ്. ഇരു തസ്തികകളിലേക്കുമുള്ള പ്രായപരിധി 18 മുതൽ 50 വയസ്സ് വരെയാണ്.രാവിലെ 8.00 മുതൽ വൈകിട്ട് 3.00 വരെയും, വൈകിട്ട് 3.00 മുതൽ രാത്രി 10.00 വരെയും (7 മണിക്കൂർ) ഉള്ള രണ്ട് ഷിഫ്റ്റുകളിലായാണ് വിശ്രമകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ ഷിഫ്റ്റിലും രണ്ടു ജീവനക്കാർ വീതമുണ്ടാകും. സർക്കാരിന്റെ ദിവസവേതന നിരക്കുകൾ പ്രകാരം പരമാവധി 90 ദിവസത്തേക്ക്
ഇന്റർവ്യൂ നടത്തിയാണ്നിയമനം. 2026 സെപ്റ്റംബർ 22 രാവിലെ 10.30 ന് നടക്കുന്ന കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലാ ലേബർ ഓഫീസുകളിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോ ഡേറ്റ എന്നിവ സഹിതം ഹാജരാകണം. രേഖകളുടെ ഒരു സെറ്റ് ഫോട്ടോ കോപ്പിയും കരുതണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം -8547655256,കോഴിക്കോട് -8547655267,എറണാകുളം-8547655266,lc.kerala.gov.in.
മിനി ജോബ് ഫെയർ
ആലുവ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ മോഡൽ കരിയർ സെന്ററിന്റെയും സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഏരിയ മാനേജർ, സീനിയർ സെയിൽസ് മാനേജർ, സെയിൽസ് മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എൽ.സി., ഡിഗ്രി യോഗ്യതയുള്ള 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 സെപ്റ്റംബർ 22-ന് രാവിലെ 10 മണിക്ക് കാലടി എം.സി. റോഡിലെ കനറ ബാങ്കിന് മുകളിലുള്ള ഇ.ജെ. ടവറിലെ ഒന്നാം നിലയിലുള്ള ഓഫീസിൽ ബയോഡാറ്റയുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2631240 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
യോഗം മാറ്റി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി യോഗം ഒക്ടോബർ 5-ലേക്ക് മാറ്റി. അന്നേ ദിവസം രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിലാണ് പുതുക്കിയ യോഗം ചേരുന്നത്.
വിൽപ്പനയ്ക്ക്
വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിൽ കേരശങ്കര, കേരഗംഗ എന്നീ സങ്കരയിനം തെങ്ങിൻ തൈകൾ, മോഹിത് നഗർ അടക്ക തൈകൾ, പച്ചക്കറി വിത്തുകൾ, തൈകൾ എന്നിവ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കൂടാതെ സുഡോമോണാസ്, ട്രൈക്കോഡെർമ, ബ്യുവേറിയ, വെർട്ടിസീലിയം, വാം (VAM), സൂക്ഷ്മമൂലക മിശ്രിതങ്ങളായ സമ്പൂർണ്ണ, അയർ, കമ്പോസ്റ്റിങ് ബാക്ടീരിയ എന്നിവയും ഇവിടെ ലഭ്യമാണ്. ആവശ്യക്കാർക്ക് 8075220868 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എറണാകുളം ജില്ലാതല ഫയൽ അദാലത്ത് സെപ്റ്റംബർ 23-ന് നടക്കും
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമനം, പെൻഷൻ, ഓഡിറ്റ്, തസ്തിക നിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട് തൃശൂരിൽ വെച്ച് നടത്താനിരുന്ന റീജിയണൽ അദാലത്ത് സെപ്റ്റംബർ 18-ൽ നിന്ന് 26-ലേക്ക് മാറ്റി വെച്ചു. ഇതിന് മുന്നോടിയായുള്ള എറണാകുളം ജില്ലാതല ഫയൽ അദാലത്ത് സെപ്റ്റംബർ 23 ബുധനാഴ്ച രാവിലെ 10.30 മുതൽ കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നതാണ്. രാവിലെ 10.30 മുതൽ എറണാകുളം, കോതമംഗലം വിദ്യാഭ്യാസ ഓഫീസുകളുടെയും അതിന് കീഴിലുള്ള ഉപജില്ലാ ഓഫീസുകളുടെയും, ഉച്ചയ്ക്ക് 2.00 മണി മുതൽ ആലുവ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഓഫീസുകളുടെയും ഉപജില്ലാ ഓഫീസുകളുടെയും പരാതികൾ പരിഗണിക്കും. സെപ്റ്റംബർ 23 വരെ ലഭിക്കുന്ന പരാതികൾ ഫയൽ അദാലത്തിൽ പരിഗണിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്: ഹെൽപ് ഡെസ്ക് ആംഭിച്ചു
2026 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനങ്ങൾ സംബന്ധിച്ച് പരാതികളോ നിർദ്ദേശങ്ങളോ അറിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു.
ജില്ലയിലെ കൊച്ചി കോർപ്പറേഷൻ,പൂതൃക്ക ഗ്രാമപഞ്ചായത്ത്, വടക്കേക്കര ഗ്രാമപഞ്ചായത്ത്, പാറക്കടവ് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. പരാതികൾ 04842422219 ൽ അറിയിക്കാം.
തൊഴിൽ മേള 29 ന്
എറണാകുളം എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കാക്കനാട് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. രണ്ട് ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് (കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന, സെയിൽസ്, അസിസ്റ്റന്റ്റ് മാനേജർ(കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ), മാനേജർ, ബില്ലിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത് . പ്ലസ് ടു, ബിരുദം, ബി.എസ് .സി കെമിസ്ട്രി,ബിരുദാനന്തര ബിരുദം എം.ബി എ,എന്നീ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം.
എംപ്ലോയബിലിറ്റി സെൻ്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾക്ക് 300 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു. ഫോൺ:0484-2422452,9446926836,8848536856.
- Log in to post comments