Skip to main content

മത്സ്യത്തൊഴിലാളികളുടെ സ്വാഭാവിക മരണത്തിനും ഇൻഷുറൻസ് പരിരക്ഷ

*മുഴുവൻ അംഗീകൃത മത്സ്യത്തൊഴിലാളികൾക്കും പരിരക്ഷ ഉറപ്പാക്കും: മന്ത്രി അബ്ദുൽ ഗഫൂർ

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ. മത്സ്യത്തൊഴിലാളികൾ സ്വാഭാവിക രോഗം ബാധിച്ചോ ഹൃദയാഘാതം മൂലമോ മരിക്കുമ്പോൾ നിലവിൽ ഇൻഷുറൻസ് നൽകുന്നില്ല. അപകടമരണത്തിനും അപകടത്തിൽ അംഗവൈകല്യം സംഭവിക്കുമ്പോഴുമാണ് ഇൻഷുറൻസ് ഉള്ളത്. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ മുഴുവൻ അംഗീകൃത മത്സ്യത്തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാകും. മത്സ്യമേഖലയിലെ ബോട്ടുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്.

കാലാവധി കഴിഞ്ഞ മത്സ്യബന്ധന യാനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും തീരുമാനമായി. കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ട് കാലോചിതമായി പരിഷ്‌കരിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉടൻ തന്നെ വിദഗ്ധസമിതിയെ നിയോഗിക്കും. മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ചുകൊണ്ടാകും നിയമഭേദഗതിയിലേക്ക് കടക്കുന്നത്. 1980ൽ നിലവിൽ വന്ന നിയമം പുതിയ സാഹചര്യത്തിന് അനുയോജ്യമായി പരിഷ്‌കരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

എം.എസ്.സി എൽസ കപ്പൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകും. ഫിഷറീസ് മാനേജ്‌മെന്റ്‌ കൗൺസിൽ പുന:സംഘടിപ്പിക്കാനും അത് പൂർണതോതിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

ചർച്ചയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി എൻ പ്രതാപൻ, വി. ദിനകരൻ, രഘുവരൻ, അബ്ദുൽ റസാഖ്, ചാൾസ് ജോർജ്, ജാക്സൺ പൊള്ളയിൽ, ലീലാകൃഷ്ണൻ, വിഴിഞ്ഞം റസാഖ്, ശിശുപാലൻ, ജോയി, നെപ്പോളിയൻ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3854/2026

date