Skip to main content

മുണ്ടിനീര് : ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് (മുണ്ടി വീക്കം / തൊണ്ടി വീക്കം) റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം വായുവിലൂടെയാണ് പകരുന്നത്. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന രോഗം, ഗ്രന്ഥികളിൽ വീക്കം കാണുന്നതിന് രണ്ട് ദിവസം മുൻപും വീക്കം വന്ന ശേഷം നാല് മുതൽ ആറ് ദിവസം വരെയുമാണ് പ്രധാനമായും മറ്റുള്ളവരിലേക്ക് പകരുന്നത്. അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും രോഗബാധ കാണാറുണ്ട്. മുതിർന്നവരിൽ രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങൾ:

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലുണ്ടാകുന്ന വീക്കമാണ് പ്രധാന ലക്ഷണം. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടും. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് കൃത്യമായ ചികിത്സ തേടുകയും ധാരാളം വെള്ളം കുടിക്കുകയും പൂർണ്ണ വിശ്രമം എടുക്കുകയും വേണം.

രോഗപ്പകർച്ചയും പ്രത്യാഘാതങ്ങളും:

ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗികളുമായുള്ള സമ്പർക്കം എന്നിവയിലൂടെ വായുവിലൂടെ രോഗം പകരന്നു. കൃത്യമായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ രോഗം തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി, പ്രോസ്റ്റേറ്റ് എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചില്ലെങ്കിൽ മുതിർന്നവരിൽ ഭാവിയിൽ വന്ധ്യതയ്ക്ക് കാരണമാകാം. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന അവസ്ഥയ്ക്കും വഴിവെക്കും.

പ്രതിരോധ മാർഗ്ഗങ്ങൾ:

ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും ഉടൻ വിവരമറിയിക്കണം. രോഗബാധിതർ രോഗം പൂർണ്ണമായും മാറുന്നത് വരെ വീട്ടിൽ വിശ്രമിക്കുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. രോഗബാധിതരായ കുട്ടികളെ സ്കൂളിൽ അയക്കരുത്. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകൾ കഴുകുക എന്നിവ രോഗപ്പകർച്ച തടയാൻ അത്യാവശ്യമാണ്. സാധാരണയായി 1 മുതൽ 2 ആഴ്ച കൊണ്ട് രോഗം ശമിക്കാറുണ്ട്.

കുട്ടികൾക്ക് 16 മുതൽ 24 മാസം വരെയുള്ള പ്രായത്തിൽ എം.എം.ആർ. കുത്തിവെപ്പ് നൽകുന്നത് വഴി മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നിവയിൽ നിന്നും പ്രതിരോധം ലഭിക്കും. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

date