സൗജന്യ സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് സെപ്റ്റംബർ 22ന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഉദ്ഘാടനം കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 10.30 ന് ഓൺലൈനായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തിയെ സംബന്ധിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത്ശങ്കർ എസ്. നായർ പ്രഭാഷണം നടത്തും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ, കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. കെ.കെ. മഷൂദ് എന്നിവർ പങ്കെടുക്കും.
സോഫ്റ്റുവെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റിന്റെ ജില്ലാ ഓഫീസിൽ പൊതുജനങ്ങൾക്ക് അവരുടെ ലാപ്‌ടോപ്പുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുന്ന 'ഇൻസ്റ്റാൾ ഫെസ്റ്റ്' നടക്കും. ജഗതി ഡിപിഐ ജംഗ്ഷനിൽ ഗവ. വിഎച്ച്എസ്എസ് ഡഫ് സ്‌കൂൾ ക്യാംപസിൽ പ്രവർത്തിക്കുന്ന കൈറ്റ് ജില്ലാ ഓഫീസിൽ രാവിലെ 10 മുതൽ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇൻസ്റ്റാൾ ഫെസ്റ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ kitedctvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം.
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകർപ്പുകൾ എടുക്കാനും സാധിക്കുന്ന സോഫ്റ്റ്വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ് വെയറുകൾ. കേരളത്തിൽ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിൽ പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്വെയർ വിന്യാസമാണ്.
സെപ്റ്റംബർ 23ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സോഫ്റ്റവെയർ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കും. അന്നേദിവസം സ്‌കൂൾ അസംബ്ലിയിൽ കുട്ടികൾ സ്വതന്ത്രസോഫ്റ്റവെയർ പ്രതിജ്ഞ എടുക്കും.
- Log in to post comments