സെപ്റ്റംബർ 22-ന് സൗജന്യ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവ്വഹിക്കും*
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 രാവിലെ 10.30-ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈനായി നിർവ്വഹിക്കും.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത്ശങ്കർ എസ്. നായർ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. കെ.കെ. മഷൂദ് തുടങ്ങിയവർ പങ്കെടുക്കും.
ഇതിന്റെ ഭാഗമായി കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും പൊതുജനങ്ങൾക്ക് അവരുടെ ലാപ്ടോപ്പുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു നൽകും. തൃശൂർ കൈറ്റ് ജില്ലാ കേന്ദ്രത്തിൽ രാവിലെ പത്ത് മുതൽ ഇതിനുള്ള സൗകര്യം ലഭ്യമായിരിക്കും. താത്പര്യമുള്ളവർkitethrissur@gmail.comഇ-മെയിൽ വഴി രജിസ്റ്റർ ചെയ്യണം.
സ്വതന്ത്രമായി ഉപയോഗിക്കാനും പഠിക്കാനും മാറ്റങ്ങൾ വരുത്താനും യാതൊരു തടസ്സവുമില്ലാതെ ആവശ്യമുള്ളത്ര പകർപ്പുകൾ എടുക്കാനും സാധിക്കുന്നവയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ. സംസ്ഥാനത്ത് ഒന്ന് മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ വിന്യാസമാണ്. ആഘോഷങ്ങളുടെ തുടർച്ചയായി സെപ്റ്റംബർ 23-ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിവിധ പരിപാടികൾ നടക്കും.
അന്നേദിവസം സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞയെടുക്കുമെന്നും കൈറ്റ് തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.
- Log in to post comments