സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണം: സൗജന്യ ഇൻസ്റ്റാൾ ഫെസ്റ്റ് സെപ്റ്റംബർ 22-ന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാഘോഷം സെപ്റ്റംബർ 22-ന് രാവിലെ 10.30-ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തുടർന്ന് കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ എസ്. നായർ പ്രഭാഷണം നടത്തും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ, കൈറ്റ് സി.ഇ.ഓ. കെ. അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. കെ.കെ. മഷൂദ് എന്നിവർ പങ്കെടുക്കും.
ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും പൊതുജനങ്ങൾക്ക് ലാപ്ടോപ്പുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുന്ന 'ഇൻസ്റ്റാൾ ഫെസ്റ്റ്' നടക്കും. മലപ്പുറം ജില്ലാ ഓഫീസിൽ (സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്) സെപ്റ്റംബർ 22-ന് രാവിലെ 10 മുതൽ ഇതിനുള്ള സൗകര്യമുണ്ടായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ kitemalappuram@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.
കൂടാതെ സെപ്റ്റംബർ 23-ന് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളും സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രതിജ്ഞയും നടക്കും. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന കേരളത്തിന്റെ പ്രവർത്തനം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്വെയർ വിന്യാസമാണ്.
- Log in to post comments