* അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടും- ഭക്ഷ്യ കമ്മീഷൻ*
അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ പറഞ്ഞു. മാനന്തവാടി താലൂക്കിലെ അപ്പപ്പാറ, കക്കേരി, കോളൂർ, ആനക്യാമ്പ് ഉന്നതികളിൽ സന്ദർശനം നടത്തുകയായിരുന്നു കമ്മീഷന്‍. ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 പ്രകാരം വിവിധ വകുപ്പുകളുടെ പദ്ധതി നിർവ്വഹണം കമ്മീഷന്‍ വിലയിരുത്തി. അപ്പപ്പാറയിൽ പ്രവർത്തിക്കുന്ന 44-ാം നമ്പർ അങ്കണവാടിയും നെടുന്തനയിൽ പ്രവർത്തിക്കുന്ന 62-ാം നമ്പർ അങ്കണവാടിയും കമ്മീഷൻ സന്ദർശിച്ചു.
സെപ്റ്റംബർ മാസത്തിൽ കുട്ടികൾക്ക് നൽകുന്നതിനുള്ള അമൃതം പൊടി ഇതുവരെയും നൽകിയിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. അമൃതം പൊടി നിർമ്മാണ യൂണിറ്റുകൾ ഈ മാസം മുതൽ അമൃതം പൊടിയുടെ നിർമ്മാണവും വിതരണവും നടത്തുന്നില്ലെന്ന് വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അങ്കണവാടികളിൽ ന്യൂട്രീമിക്സിന് പകരം ശർക്കരയും ചെറുപയറും മുത്താറിയും ഈ മാസം മുതൽ നൽകുവാനുള്ള തീരുമാനമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു. കുട്ടികൾക്ക് പോഷകാഹാരമായി അമൃതം പൊടി നൽകുന്നതാണ് ഉചിതമെന്നും അമൃതം ന്യൂട്രീമിക്സ് പദ്ധതി തടസ്സമില്ലാതെ നടക്കേണ്ടതുണ്ടെന്നും വിതരണത്തിൽ വന്ന സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പദ്ധതി തുടരേണ്ടതാണെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
വിവിധ കാരണങ്ങളാല്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത കക്കേരി ഉന്നതിനിവാസികൾക്ക് ആവശ്യമായ ക്യാമ്പുകൾ നടത്തി ഉടന്‍ തന്നെ കാർഡുകൾ ലഭ്യമാക്കാന്‍ നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു. അങ്കണവാടികളിൽ പോകുവാൻ സാധിക്കാത്ത കുട്ടികളെ ഫീൽഡ് സർവ്വേ നടത്തി അങ്കണവാടികളിൽ എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുവാൻ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു. കോളൂർ ഉന്നതി നിവാസികൾ ഉപയോഗിക്കുന്ന പൊതു കിണർ ഉപയോഗയോഗ്യമല്ലാത്തതിനാൽ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യം കമ്മീഷനെ അറിയിച്ചു. ഉടനെ തന്നെ കിണർ നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു.
പൊതുവിതരണം, വിദ്യാഭ്യാസം, ട്രൈബൽ, വനിതാശിശു വികസനം, വനം, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ അനുഗമിച്ചു.
- Log in to post comments