Skip to main content

വന്യജീവി വാരാഘോഷം: വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു*

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് തൃശൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലായി തൃശൂർ ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂളിലാണ് മത്സരങ്ങൾ നടത്തുക. മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കുന്നതോടൊപ്പം ഒന്നാം സ്ഥാനം നേടുന്നവരെ സംസ്ഥാനതല മത്സരങ്ങളിലേക്ക് ശുപാർശ ചെയ്യുകയും ചെയ്യും.
ഒക്ടോബർ രണ്ടിന് രാവിലെ 8.30-ന് ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷം ഒൻപത് മുതൽ 11.00 വരെ എൽ.പി., യു.പി., ഹൈസ്‌കൂൾ, കോളേജ് വിഭാഗങ്ങൾക്കായി പെൻസിൽ ഡ്രോയിങ്ങ് മത്സരവും, 11.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ വാട്ടർ കളറിംഗ് മത്സരവും നടക്കും. ഉച്ചയ്ക്ക്  1.45 മുതൽ 4.45 വരെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി 'ലിവിങ് ഇൻ ഹാർമോണി വിത്ത് നേച്ചർ' എന്ന വിഷയത്തിൽ അഞ്ചുപേരടങ്ങുന്ന ടീമിന്റെ ലൈവ് മോഡലിംഗ് മത്സരവും, വൈകീട്ട് അഞ്ചു മുതൽ ആറ് വരെ ഹൈസ്‌കൂൾ, കോളേജ് വിഭാഗങ്ങൾക്ക് ഉപന്യാസ മത്സരവും സംഘടിപ്പിക്കും.

ഒക്ടോബർ മൂന്നിന് രാവിലെ 8.30-ലെ രജിസ്ട്രേഷന് ശേഷം ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ യു.പി., ഹൈസ്‌കൂൾ, കോളേജ് വിഭാഗങ്ങൾക്കായി ക്വിസ് മത്സരവും, ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ ഹൈസ്‌കൂൾ, കോളേജ് വിഭാഗങ്ങൾക്ക് പ്രസംഗ മത്സരവും നടക്കും.

തൃശൂർ ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്‌കൂൾ, കോളേജ്, പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ഹയർ സെക്കന്ററി (പ്ലസ് വൺ, പ്ലസ് ടു), വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവ കോളേജ് വിഭാഗത്തിലാണ് ഉൾപ്പെടുക. ക്വിസ് മത്സരത്തിൽ ഒരു സ്ഥാപനത്തിൽ നിന്നും ഓരോ വിഭാഗത്തിലും രണ്ടു പേരടങ്ങുന്ന ടീമിനാണ് അവസരം ലഭിക്കുക, എന്നാൽ രണ്ടു പേരില്ലെങ്കിൽ ഒരംഗമായും പങ്കെടുക്കാവുന്നതാണ്. ലൈവ് മോഡലിംഗ് ഒഴികെയുള്ള മറ്റ് മത്സരങ്ങൾക്ക് ഒരു സ്ഥാപനത്തെ പ്രതിനിധീകരിച്ച് പരമാവധി രണ്ട് പേർക്ക് പങ്കെടുക്കാം.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സ്ഥാപന മേധാവി നൽകുന്ന സാക്ഷ്യപത്രം രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. ലൈവ് മോഡലിംഗ് ഒഴികെയുള്ള മത്സരങ്ങൾക്കുള്ള പേപ്പർ സംഘാടകർ നൽകുമെങ്കിലും മറ്റ് സാമഗ്രികൾ മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്. മലയാളമായിരിക്കും മത്സരങ്ങളുടെ മാധ്യമം. ഫോൺ- 0487-2320609, 8547603775
 

date