ആൽസൈമേഴ്സ് ദിനാചരണം: വയോജനങ്ങൾക്കായി 'ആക്ടിവിറ്റി കിറ്റുകൾ' സമ്മാനിച്ചു*
*
ലോക ആൽസൈമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അടാട്ട് സായംപ്രഭ ഹോമിൽ വയോജനങ്ങൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ദേവസ്സി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് അംഗം ജിത്തു അടാട്ട് അധ്യക്ഷത വഹിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് "നിറങ്ങളിൽ വിരിയുന്ന ഓർമ്മകൾ" എന്ന ക്യാമ്പയിനുമായി സഹകരിച്ച് ഇരിങ്ങാലക്കുട വെസ്റ്റ് ലയൺസ് ക്ലബ്ബ് വിതരണം ചെയ്ത 'ആക്ടിവിറ്റി കിറ്റുകൾ' വിതരണം ചെയ്തു. വയോജനങ്ങളുടെ മാനസികാരോഗ്യം, ഏകാഗ്രത, ക്രിയാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കളറിംഗ് പുസ്തകങ്ങൾ, നിറങ്ങൾ, ക്രീയേറ്റീവ് ടൂളുകൾ, പസ്സിലുകൾ എന്നിവയടങ്ങുന്നതാണ് കിറ്റുകൾ. ഇരിങ്ങാലക്കുട വെസ്റ്റ് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഭാസിരാജിൽ നിന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ കിറ്റുകൾ ഏറ്റുവാങ്ങി.
തുടർന്ന്, "ലോക ആൽസൈമേഴ്സ് ദിനത്തിന്റെ പ്രാധാന്യവും സാമൂഹ്യബോധവൽക്കരണവും" എന്ന വിഷയത്തിൽ സായംപ്രഭ മാനേജർ കം ഫെസിലിറ്റേറ്റർ മാർഷൽ സി. രാധാകൃഷ്ണൻ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. സായംപ്രഭ കെയർ ഗിവർ ഷൈനി വിത്സൺ, വയോജന ക്ലബ്ബ് സെക്രട്ടറി സെലിൻ ദേവസ്സി, വിവിധ ലയൺസ് ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments