Skip to main content

സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മീഷന്‍ ജില്ലയിൽ സിറ്റിംഗ് നടത്തി; 33 പരാതികള്‍ പരിഹരിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലയില്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പരാതി പരിഹാര അദാലത്ത് നടത്തി. തൃശ്ശൂര്‍ കളക്ടറേറ്റ് അനക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് കമ്മീഷന്‍ അംഗങ്ങളായ ടി.കെ. വാസു, അഡ്വ. സേതു നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ച 34 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. രണ്ടു ബഞ്ചുകളിലായി കമ്മീഷന്‍ അംഗങ്ങളായ അഡ്വ. സേതു നാരായണന്‍, ടി.കെ. വാസു എന്നിവര്‍ 34 പരാതികള്‍ പരിഗണിച്ചതില്‍ 33 പരാതികള്‍ പരിഹരിച്ചു. ഒരു കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു.

2024 ജനുവരിയില്‍ ചുമതലയേറ്റതിനുശേഷം ഈ കമ്മീഷന്റെ 52-ാമത്തെ അദാലത്താണ് തൃശ്ശൂരില്‍ പൂര്‍ത്തീകരിച്ചത്. ഈ കമ്മീഷന്‍ നിലവില്‍ വന്നതുമുതല്‍ തൃശ്ശൂര്‍ ജില്ലയില്‍ ആറ് അദാലത്തുകള്‍ നടത്തി. ഇതില്‍ 501 പരാതികള്‍ പരിഗണിച്ചു. 430 പരാതികള്‍ക്ക് അദാലത്തില്‍വച്ചുതന്നെ പരിഹാരമുണ്ടായി. 71 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു.

പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസനം, പോലീസ്, റവന്യൂ, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.

date