'റാബീസ് ഫ്രീ കേരളം' ഇന്ന് (28.09.26) മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും
പേവിഷബാധയില്‍നിന്ന് സംസ്ഥാനത്തെ മുക്തമാക്കാന്‍ ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'റാബീസ് ഫ്രീ കേരളം' തീവ്രയജ്ഞ വാക്‌സിനേഷന്‍ കാമ്പയിന്റെ നാലാം ഘട്ടത്തിന് ഇന്ന് (സെപ്റ്റംബര്‍ 28) തുടക്കമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് കൊല്ലം രാമവര്‍മ ക്ലബ്ബില്‍ തൊഴില്‍, വനിതാ-ശിശുക്ഷേമ, മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. മേയര്‍ എ കെ ഹഫീസ് അധ്യക്ഷത വഹിക്കും.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 27 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജന്തുജന്യ രോഗങ്ങളില്‍ മനുഷ്യര്‍ക്ക് ഏറ്റവും ഭീഷണിയാകുന്ന ഒന്നാണ് പേവിഷബാധ. സസ്തനികളെ ബാധിക്കുന്ന ഈ മാരക വൈറസ് പ്രധാനമായും മൃഗങ്ങളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കും നായ്ക്കള്‍ക്കും കൃത്യസമയത്ത് വാക്സിന്‍ ഉറപ്പാക്കുന്നതിലൂടെ രോഗവ്യാപനം പൂര്‍ണമായും തടയുകയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ലക്ഷ്യം. വാക്സിനേഷന്‍ കാമ്പയിനില്‍ വളര്‍ത്തുമൃഗ ഉടമകളും പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
- Log in to post comments