ഗാന്ധിജയന്തി ആഘോഷം: കളക്ടറേറ്റിൽ മന്ത്രി എം ലിജു ഹാരാർപ്പണം നടത്തും
ഗാന്ധിജയന്തി ആഘോഷം ഒക്ടോബർ രണ്ടിന് ആലപ്പുഴ കളക്ടറേറ്റിലെ ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ വിപുലമായി ആഘോഷിക്കും. രാവിലെ ഒൻപതിന് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ എക്സ്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു ഹാരാർപ്പണം നടത്തും. എം എൽ എ മാരായ ജി സുധാകരൻ, എ ഡി തോമസ്, ജില്ലാ കളക്ടർ ഷാജി വി നായർ എന്നിവർ പുഷ്പാർച്ചന നടത്തും. തുടർന്ന് ആര്യാട് ശാന്തിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഗാന്ധി ഭജൻ ആലപിക്കും. ആർട്ടിസ്റ്റ് തോമസ് കുര്യൻ വരച്ച ഗാന്ധി ചിത്രങ്ങളുടെ പ്രദർശനം, ഓൾ കേരള പ്രീ-സ്കൂൾ ആൻഡ് ഡേ കെയർ മാനേജ്മെന്റ് അസോസിയേഷൻ നേതൃത്വത്തിൽ 'ഗാന്ധിയുടെ അരികിലിരുന്ന് കുട്ടികൾ ഗാന്ധിയെ വരയ്ക്കൽ' എന്നീ പരിപാടികളും ഉണ്ടാകും.
സീറോ സ്‌ക്വയറിലെ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ നിന്നുള്ള സൈക്കിൾ റാലി ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ എത്തിച്ചേരും. ജില്ലാ ഭരണകൂടം, വിവിധ ഗാന്ധി സംഘടനകൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇതിന് പുറമെ വിവിധ ഗാന്ധി സംഘടനകളുടെ നേതൃത്വത്തിൽ ഒരു മാസം നീളുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളു'ടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സബർമതി ചാരിറ്റബിൾ സൊസൈറ്റി 100 സ്‌കൂളുകളിൽ 'കുഞ്ഞുമനസ്സിൽ ഗാന്ധിയപ്പൂപ്പൻ' എന്ന പരിപാടി നടത്തും. കേരള സർവോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ക്വിസ്, സന്ദേശ യാത്ര, ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ പുഷ്പാർച്ചന എന്നിവ നടത്തും. ഗാന്ധിയൻ ദർശന വേദി ഒരു മാസം നീണ്ടുനിൽക്കുന്ന ഗാന്ധിസന്ദേശ യാത്ര സംഘടിപ്പിക്കും. ഒക്ടോബർ രണ്ടു മുതൽ 11 വരെ ജില്ലയിലെ എല്ലാ നിയസഭ മണ്ഡലങ്ങളിലും ഗാന്ധി ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങൾ, കവിയരങ്ങ് എന്നിവയാണ് ഗാന്ധി ദർശൻ സമിതി സംഘടിപ്പിക്കുന്നത്. കേരള സബർമതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഗാന്ധി കവിയരങ്ങും നടത്തും.
ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിക്കുന്നത് സംബന്ധിച്ചു കളക്ടറേറ്റിൽ ചേർന്ന ആലോചനയോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, എ.ഡി.എം സി പ്രേംജി, എ ആർ കണ്ണൻ, ബി രാജലക്ഷ്മി, മഞ്ജു വിജയകുമാർ, സി വി രാജീവ് (ജില്ലാ പഞ്ചായത്തംഗങ്ങൾ), സി പ്രദീപ്, എ എൻ പുരം ശിവകുമാർ, രാജു പള്ളിപ്പറമ്പിൽ, പ്രൊഫ. ആർ രാജേഷ് (സംസ്കാര സാഹിതി), എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അജയ് കെ ആർ, പയസ് നെറ്റോ (ഗാന്ധി സ്‌മൃതി മണ്ഡപ കമ്മിറ്റി), ബേബി പാറക്കാടൻ (ഗാന്ധിയൻ ദർശനവേദി), സി കെ വിജയകുമാർ ((ഗാന്ധി ദർശൻ സമിതി), എം ഡി സലീം (കേരള സർവോദയ മണ്ഡലം), വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments