ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു
സ്വയം സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കി സ്വയംപര്യാപ്തതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാർക്ക് ജില്ലാ പഞ്ചായത്ത് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു.
2025-26 സാമ്പത്തിക വർഷം 69.12 ലക്ഷം രൂപ ചെലവഴിച്ചു 64 ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കിയ പദ്ധതി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചലന പരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് ദൈനംദിന ജീവിതത്തിലെ വിവിധ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കുന്നതിനും വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, സാമൂഹിക ഇടപെടൽ തുടങ്ങിയ കാര്യങ്ങൾക്ക് എളുപ്പത്തിൽ സഞ്ചരിക്കുന്നതിനുമായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി ടീച്ചർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ബെന്നി, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ആർ. റിയാസ്, വിജയശ്രീ സുനിൽ, രാജേഷ് വിവേകാനന്ദ, മഞ്ജു വിജയകുമാർ, ബിനി ജെയിൻ, ടി. വിശ്വനാഥൻ, ലീഷ അനുപ്രസാദ്, ബി. രാജലക്ഷ്മി, ജില്ലാ സാമൂഹ്യനീതി ഓഫീസർ അശ്വതി വി. എന്നിവർ പങ്കെടുത്തു.
- Log in to post comments