ഒറ്റപ്പെട്ടവരല്ല വയോജനങ്ങള്‍; കരം പിടിച്ച് വയോജനദിനാചരണം
വയോജനങ്ങള്‍ ഒറ്റപ്പെട്ടവരല്ലെന്നും അവരെ ചേര്‍ത്തുപിടിക്കാന്‍ ആളുകളുണ്ടെന്നുമുള്ള സന്ദേശം നല്കി, വിപുലമായ പരിപാടികളോടെ ജില്ലയില്‍ വയോജനദിനാചരണം സംഘടിപ്പിച്ചു. നൂതന വയോജന പദ്ധതിയായ ഹോണര്‍ എ ഹോമിന്റെയും വയോജന അയല്പക്ക സഹായ ശൃംഖലയുടെയും സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകളോട് ചേര്‍ന്നായിരുന്നു വയോജനദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നടന്നത്. കണ്ണൂര്‍ കോര്പ്പറേഷന് ഹാളില്‍ മേയര്‍ അഡ്വ.പി.ഇന്ദിര അന്താരാഷ്ട്ര വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പുതുയുഗ കേരളം വയോജന സൗഹൃദമാണ്. വയോജനങ്ങളുടെ കര്‍മ്മനിരതവും സുഖകരവുമായ ജീവിത സാഹചര്യമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന് മാതൃകയായി കേരളം രൂപീകരിച്ച വയോജന വകുപ്പ് ഇതിലേക്കുള്ള ചവിട്ടുപടിയാണെന്ന് മേയര്‍ പി.ഇന്ദിര പറഞ്ഞു. കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് റിഷാം അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.ലിഷ ദീപക്, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ മഠത്തില്‍, ടൗണ്‍പ്ലാനിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷമീമ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.സോന ജയറാം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.ബിജു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ നിര്‍മ്മല, എസ്.എന്‍ കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എം.വി.ജിഷ്ണ, കെ.എസ്.എസ്.എം കോര്‍ഡിനേറ്റര്‍ കെ.അനീഷ്, സായം പ്രഭ ഹോം ഫെസിലിറ്റേറ്റര്‍ പി.നബീസ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ വയോജനങ്ങള്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂര്‍ കോര്പ്പറേഷന്, ഡിപാര്‍ട്ട്മെന്റ് ഓഫ് സീനിയര്‍ സിറ്റിസണ്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, താളിക്കാവ് സായം പ്രഭ ഹോം, എസ്.എന്‍.കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് വയോജനദിനാചരണം നടന്നത്.
- Log in to post comments