മലപ്പുറം സിവില്‍ സ്റ്റേഷന്‍ കാന്റീനിലെ നിറസാന്നിധ്യമായ പപ്പേട്ടന് വയോജന ദിനത്തില്‍ ജില്ലയുടെ ആദരം
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ എത്തുന്നവരില്‍ പപ്പേട്ടനെ പരിചയമില്ലാത്തവര്‍ വിരളമായിരിക്കും. നൂറുകണക്കിന് ആളുകള്‍ ദിവസവും ഭക്ഷണം കഴിക്കാനെത്തുന്ന സിവില്‍ സ്റ്റേഷന്‍ കാന്റീനില്‍ അധികം സംസാരിക്കാതെ ഒരു നിമിഷം പോലും പാഴാക്കാതെ സദാ ജോലിയില്‍ മുഴുകിയിരിക്കുന്ന പപ്പേട്ടന്‍ 78-ാം വയസ്സിലും കര്‍മ്മനിരതനാണ്.
പ്രായത്തിന്റെ തളര്‍ച്ചയെ വകവയ്ക്കാതെ ചുറുചുറുക്കോടെ ജോലി ചെയ്യുന്ന പപ്പേട്ടനെ അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസും മലപ്പുറം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. ജീവിതത്തില്‍ ആദ്യമായാണ് പപ്പേട്ടന് ജില്ലയുടെ ഔദ്യോഗിക ആദരം ലഭിക്കുന്നത്.
കോഡൂര്‍ പഞ്ചായത്തിലെ മുണ്ടക്കോട് സ്വദേശിയായ പപ്പേട്ടന്റെ വിദ്യാഭ്യാസം അഞ്ചാം ക്ലാസ് വരെ മാത്രമാണ്. ചെറുപ്പത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം ജീവിതമാര്‍ഗമായി ജോലിയെ തിരഞ്ഞെടുത്തു. വിവിധ ഹോട്ടലുകളിലും കാന്റീനുകളിലും ജോലി ചെയ്ത പപ്പേട്ടന്‍ ദീര്‍ഘകാലം എം.പി. ആശുപത്രിയിലെ കാന്റീന്‍ ജീവനക്കാരനായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ കാന്റീനിലാണ് ജോലി ചെയ്യുന്നത്.
ഭാര്യ സുഹാസിനി ആശാ വര്‍ക്കറാണ്. രണ്ട് മക്കള്‍. ഒരാള്‍ കോട്ടപ്പടി ബ്ലോക്ക് ആശുപത്രിയിലും രണ്ടാമത്തെയാള്‍ തിരൂര്‍ ആശുപത്രിയിലും ജോലി ചെയ്യുന്നു.
''ആരെയും ആശ്രയിക്കാതെ, സ്വന്തം അധ്വാനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകണം; കഴിയുന്നിടത്തോളം ജോലി ചെയ്യണം'' ഇതാണ് പപ്പേട്ടന്റെ ജീവിതനിലപാട്. ജോലി അദ്ദേഹത്തിന് ഉപജീവനമാര്‍ഗം മാത്രമല്ല, ആത്മനിര്‍വൃതിയുടെ ഭാഗം കൂടിയാണ്. വയോജന ദിനത്തില്‍ ലഭിച്ച ആദരം പപ്പേട്ടന്റെ വര്‍ഷങ്ങളായുള്ള അധ്വാനത്തിനുള്ള അംഗീകാരമായി മാറി.
- Log in to post comments