Skip to main content

തൃശ്ശൂര്‍ നിയോജകമണ്ഡലത്തിലെ റോഡ് വികസനം; ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

 

 

തൃശ്ശൂര്‍ നിയോജകമണ്ഡലത്തിലെ റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട് രാജന്‍ ജെ. പല്ലന്‍ എം.എല്‍.എ യുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തൃശ്ശൂര്‍ - കുന്നംകുളം റോഡില്‍ എം.എല്‍.എ റോഡ് ജംഗ്ഷന്‍ മുതല്‍ പൂങ്കുന്നം സെന്റര്‍ വരെയുള്ള ഭാഗത്തെ റോഡിന്റെ വീതി കൂട്ടുന്നതിന്നുള്ള പ്രൊപ്പോസല്‍ ഗവണ്‍മെന്റിലേക്ക് സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

 

അയ്യന്തോള്‍ നിര്‍മ്മല കോണ്‍വെന്റ് മുതല്‍ പുഴക്കല്‍ വരെയുള്ള റോഡിന്റെ വീതി കൂട്ടുന്നത് സംബന്ധിച്ച് കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്ത് ഡി.പി.ആര്‍ അന്തിമമാക്കാന്‍ തീരുമാനമായി. പുഴക്കല്‍ മൊബിലിറ്റി ഹബ്ബിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയറെ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ക്കാനും യോഗം നിര്‍ദ്ദേശിച്ചു. അമല നഗര്‍ - മണ്ണുത്തി ബൈപ്പാസിന്റെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്ത പരിശോധന നടത്താന്‍ യോഗം നിര്‍ദ്ദേശിച്ചു. തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് നവീകരണത്തിന്റെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. തൃശ്ശൂര്‍ എം.എല്‍.എയുടെ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ ലൈറ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കി മാതൃകാ റോഡ് പദ്ധതി നടപ്പിലാക്കുമെന്ന് എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ യോഗത്തില്‍ പറഞ്ഞു.

 

കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എസ്.ടി.പി, കിന്‍ഫ്ര, ഡി.ഐ.സി, പി.ഡബ്യു.ഡി റോഡ്സ്, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date