Skip to main content
വര വര്‍ണ്ണങ്ങളില്‍ ഗാന്ധിസ്മൃതികള്‍; നിറങ്ങളില്‍ ചാലിച്ച് കുഞ്ഞു ഭാവനകള്‍

വര വര്‍ണ്ണങ്ങളില്‍ ഗാന്ധിസ്മൃതികള്‍; നിറങ്ങളില്‍ ചാലിച്ച് കുഞ്ഞു ഭാവനകള്‍

 

വരകളിലും വര്‍ണ്ണങ്ങളിലും ചിന്തകളിലും ഗാന്ധിയന്‍ ദര്‍ശനങ്ങളെ കോര്‍ത്തിണക്കി കുട്ടികളുടെ ക്യാന്‍വാസുകള്‍ നിറമണിഞ്ഞു. ഗാന്ധിജയന്തിവാരത്തോടുനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കാനന്നൂര്‍ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചിത്രരചനാ മത്സരമാണ് ഗാന്ധി സ്മൃതികളാല്‍ നിറഞ്ഞത്. എല്‍.പി, യു.പി. ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ നടന്ന ചിത്രരചന മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. ശുചിത്വ സുന്ദരമായ ഗ്രാമങ്ങളും ഗ്രാമസ്വരാജ് എന്ന സ്വപ്നങ്ങളും കുട്ടികളുടെ ഭാവനയില്‍ ക്യാന്‍വാസിലേക്ക് തെളിഞ്ഞു. 
എന്റെ ബാപ്പുജി എന്ന വിഷയത്തിലായിരുന്നു എല്‍.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയെ അവരുടെ ഭാവനയില്‍ ക്യാന്‍വാസിലെഴതിയത്. അനേകം  പുഞ്ചിരി തൂകിയ ഗാന്ധിമുഖങ്ങളും ഗാന്ധിയന്‍ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടെയുള്ള കുഞ്ഞു കുഞ്ഞു വരകള്‍ വേറിട്ടതായിരുന്നു. യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയും കുട്ടികളും എന്ന വിഷയത്തിലും ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ ഗാന്ധിജിയും സ്വാതന്ത്ര്യസമരവും  എന്ന വിഷയത്തിലുമാണ് ജലച്ഛായ ചിത്രങ്ങള്‍ വരച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ നാള്‍ വഴികളിലൂടെയുള്ള സാഞ്ചാരം കൂടിയായിരുന്നു കുട്ടികളുടെ ക്യാന്‍വാസുകള്‍. ഗാന്ധിയന്‍ ദര്‍ശനങ്ങളും പുതിയ തലമുറകളും അണിനിരന്ന മഹാത്മ മന്ദിരത്തില്‍ ഒട്ടേറെ പേര്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ കാണാനുമെത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു. ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ്  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

date