Skip to main content

ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ 'ഹര്‍ഷം-2026' സ്പെഷ്യല്‍ സകൂള്‍ കലാമേള നടത്തി

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലബ്ബായ ഒയാസിസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആറു സ്പെഷ്യല്‍ സകൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ കലാമേള 'ഹര്‍ഷം-2026' റോയി കെ. പൗലോസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് സ്നേഹവും കരുതലോടെയുള്ള സൗഹൃദനിമിഷങ്ങളും സമ്മാനിക്കുന്നതിനുമായാണ്  ഈ സംഗമം  നടത്തിവരുന്നത്. വികസന കാര്യങ്ങളില്‍ മറ്റുവിദ്യാലയങ്ങല്‍ക്ക് നല്‍കുന്നതിനേക്കാള്‍ പരിഗണന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് നല്‍കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ എം.എല്‍.എ പറഞ്ഞു. ഭിന്നശേഷി കുട്ടികളെ ചേര്‍ത്തുപിടിച്ച് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഈ മേള നടത്തിയ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളെ അദ്ദേഹം അഭിനന്ദിച്ചു.ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് പ്രൊഫ. സുധിന്‍ എസ്. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മിനി കെ.ജോണ്‍ നിര്‍വ്വഹിച്ചു.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം സി.ജി. കലേഷ്, ഒയാസിസ് സ്റ്റാഫ് അഡൈ്വസര്‍ പ്രഫ. പ്രിന്‍സ് വി. ജോസ്, ഡോ.എ.കെ മുബാറക്ക് , എസ്. റൈസു ഡീന്‍, സഫാ മീര, സിദ്ധാര്‍ത്ത് ബാബു,എബിന്‍ മാത്യുസ്ജോണ്‍ എന്നിവര്‍ സംസാരിച്ചു. സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു.

date