Skip to main content

*കോട്ടപ്പുറം ജലോത്സവം: ആവേശപ്പോരാട്ടത്തിൽ മേൽപ്പാടം ചുണ്ടനിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് വിജയം*

 

 

കോട്ടപ്പുറം കായലിൽ പതിനായിരങ്ങളെ സാക്ഷിയാക്കി നടന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) നാലാം പാദ മത്സരത്തിൽ മേൽപ്പാടം ചുണ്ടനിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ അവസാന നിമിഷം വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഒന്നാം സ്ഥാനവും അഞ്ചുലക്ഷം രൂപ സമ്മാനത്തുകയും സ്വന്തമാക്കിയത്. അരോമ 1 ചുണ്ടനിൽ അരോമ ബോട്ട് ക്ലബ്ബ് (പരവൂർ, കൊല്ലം) രണ്ടാം സ്ഥാനവും (മൂന്ന് ലക്ഷം രൂപ), കൈനകരിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും (ഒരു ലക്ഷം രൂപ) നേടി.

 

 

കോട്ടപ്പുറം ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ (കെ.ടി.ഡി.എസ്) ഇരുട്ടുകുത്തി വള്ളംകളി മത്സരത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ 'ഗരുഡൻ' ഒന്നാം സ്ഥാനവും, 'സെന്റ് സെബാസ്റ്റ്യൻ നമ്പർ 1' രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ 'ജിബി തട്ടകൻ' ഒന്നാമതും 'മടപ്ലാതുരുത്ത്' രണ്ടാമതുമെത്തി. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സര വിജയികൾക്ക് മുൻ മന്ത്രി വി.കെ. രാജൻ, കെ.ഡി. കുഞ്ഞപ്പൻ, ടി.എ. ഗിരീഷ് കുമാർ എന്നിവരുടെ പേരിലുള്ള സ്മാരക ട്രോഫികൾ വിതരണം ചെയ്തു.

 

 

നേരത്തെ, ചാലക്കുടി എം.പി ബെന്നി ബെഹനാൻ പതാക ഉയർത്തുകയും ചടങ്ങിൽ മുഖ്യാതിഥിയാകുകയും ചെയ്തു. കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ബോട്ട് ക്ലബ്ബുകളുടെ വർണ്ണാഭമായ മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യുകയും വള്ളംകളിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു.

 

 കെ.ടി.ഡി.എസ് പ്രസിഡന്റ് വി.എം. ജോണി, സെക്രട്ടറി ജോഷി ചക്കാമാട്ടിൽ, റൂറൽ എസ്.പി മുഹമ്മദ് നദീം തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ജലോത്സവത്തോടനുബന്ധിച്ച് കാണികളെ ആവേശത്തിലാഴ്ത്തിയ വിവിധ കലാപരിപാടികളും അരങ്ങേറി.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. 

 

മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഫിനിഷിങ് നിർണയിക്കപ്പെട്ട ആവേശകരമായ പോരാട്ടമാണ് കോട്ടപ്പുറത്ത് നടന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ടൂറിസത്തിനും ചാമ്പ്യൻസ് ബോട്ട് ലീഗ് വലിയ ആവേശമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷത്തിനുള്ളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പൈതൃക പദ്ധതിയായി മുസിരിസ് പൈതൃക പദ്ധതിയെ മാറ്റാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സർക്കാർ. സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമിലാണ് മുസിരിസ് ടൂറിസം ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത വർഷത്തെ കോട്ടപ്പുറം ജലോത്സവമാകുമ്പോഴേക്കും വിദേശികളടക്കമുള്ള വൻ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുമെന്നും പറഞ്ഞു.

date