Skip to main content

ഡ്രഗ് ഫ്രീ ക്യാമ്പസ്: സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (ഒക്ടോബർ 6)

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഡ്രഗ് ഫ്രീ ക്യാമ്പസിന്റെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (ഒക്ടോബർ 6) നടക്കും. രാവിലെ 11 മണിക്ക് നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് ആഡിറ്റോറിയത്തിൽ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു, സംസ്ഥാനത്തെ തിരഞ്ഞെടുത്ത 28 കോളേജുകളെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം. ജോൺ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന എക്സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന നൂറുദിനകർമ്മപരിപാടികളുടെ ഭാഗമായ 'മയങ്ങില്ല കേരളം' ക്യാമ്പയിനോടനുബന്ധിച്ചാണ് 28 കോളേജുകൾ ഡ്രഗ് ഫ്രീ ക്യാമ്പസുകളായി തിരഞ്ഞെടുത്തത്. വിദ്യാഭ്യാസത്തെയും ഭാവിയെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ, കോളേജ് ക്യാമ്പസുകളിൽ ലഹരി ഉപയോഗവും വിതരണവും തടയുകയും ലഹരി ഉപയോഗത്തിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് ആവശ്യമായ കൗൺസിലിംഗ്, ചികിത്സ എന്നിവ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

യോഗത്തിൽ ദേശീയ വോളിബോൾ താരവും ഡ്രഗ് ഫ്രീ ക്യാമ്പസ് മാർഇവാനിയോസ് കോളേജ് ബ്രാൻഡ് അംബാസഡറുമായ ഷോൺ റ്റി. ജോൺ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി നൽകും. എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു, സാമ്പത്തിക, നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി ജ്യോതിലാൽ കെ. ആർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി,  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സമീർ കിഷൻ തുടങ്ങിയവർ പങ്കെടുക്കും.

date