പ്രതീക്ഷാ സെന്റർ പദ്ധതി നാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കും: മന്ത്രി കെ മുരളീധരൻ
മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും വിദഗ്ധ ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആരംഭിച്ച 24×7 പ്രതീക്ഷ സെന്റർ പദ്ധതി പുനലൂരിൽ വിജയകരം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയ പുനലൂർ താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായതെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കിയതിലൂടെ ജനങ്ങൾക്ക് വലിയ നേട്ടമാണ് ഉണ്ടായത്. പ്രതീക്ഷ സെന്റർ ജനോപകാരപ്രദമാണെന്ന് വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി നാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. പാലക്കാട് ജില്ല ആശുപത്രി, മലപ്പുറം തിരൂർ ജില്ല ആശുപത്രി, കോഴിക്കോട് വടകര ജില്ല ആശുപത്രി, എറണാകുളം ജില്ല ആശുപത്രി എന്നിവിടങ്ങളിലാണ് ഒക്ടോബർ അവസാനത്തോടെ 24×7 പ്രതീക്ഷ സെന്ററുകൾ ആരംഭിക്കുന്നത്. ഈ വർഷം ഡിസംബർ വരെ പദ്ധതി വിവിധ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി പ്രവർത്തനഫലങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാനതലത്തിൽ പൂർണതോതിൽ നടപ്പാക്കുക.
പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നുള്ള റഫറൽ കേസുകൾ 30 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതായി ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ അറിയിച്ചു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ മൂന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയും രണ്ട് വീതം ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നിവരെയും ഒരു പീഡിയാട്രീഷ്യനെയും അധികമായി നിയമിച്ചിട്ടുണ്ട്. മൂന്ന് സർജൻമാരെ കൂടി ഉടൻ നിയമിക്കും. നിലവിൽ താൽക്കാലിക നിയമനങ്ങളിലൂടെ ആവശ്യമായ ജീവനക്കാരെ ആശുപത്രികളിൽ വിന്യസിക്കുന്നുണ്ട്. ഇതോടൊപ്പം സ്റ്റാഫ് പാറ്റേൺ പുനഃക്രമീകരിക്കൽ, പ്രൊവിഷണൽ പ്രമോഷൻ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് അമിത ജോലിഭാരം ഉണ്ടാകാത്ത തരത്തിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും ആശുപത്രി സൂപ്രണ്ടുമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഓരോ ജില്ലയിലും രണ്ട് ആശുപത്രികളെ വീതം പ്രതീക്ഷ സെന്ററുകളാക്കി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ പ്രധാന സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ തന്നെ മുഴുവൻ സമയവും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും മെഡിക്കൽ കോളജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ കുറയ്ക്കാനും സാധിക്കും.
പി.എൻ.എക്സ്. 4144/2026
- Log in to post comments