വനം വന്യജീവി വാരാഘോഷത്തിന് തുടക്കം കൈയേറ്റ ഭൂമിയിലെ ഫെന്‍സിങ് ലൈനുകള്‍ നീക്കം ചെയ്യുന്നതില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍
ഇടുക്കിയിലെ കൈയേറ്റ ഭൂമികളിലെയും റവന്യൂ-ഫോറസ്റ്റ് ഭൂമികളിലെയും ഫെന്‍സിങ് ലൈനുകളും തടസ്സങ്ങളും നീക്കം ചെയ്യുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വന്യജീവി ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ ആനത്താരകള്‍ പുനഃസ്ഥാപിക്കുന്നതിനും കൈയേറ്റ ഭൂമികളിലെയും റവന്യൂ-ഫോറസ്റ്റ് ഭൂമികളിലെയും ഫെന്‍സിങ് ലൈനുകളും തടസ്സങ്ങളും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ഉണ്ടായ ആശങ്ക പരിഹരിക്കുമെന്നും വനം വകുപ്പ് മാത്രം വിചാരിച്ചാല്‍ മനുഷ്യ -വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. കുമിളിയില്‍ വനം വന്യ ജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മനുഷ്യ നിര്‍മ്മിതമാണ് ചിന്നക്കനാലിലെ പ്രശ്നങ്ങള്‍. 301 കോളനി സ്ഥാപിച്ചതു മുതല്‍ ഇവിടെ ജനജീവിതം വന്യജീവികള്ക്കിടയിലാണ്. മനുഷ്യ -വന്യജീവി സംഘര്‍ഷം പതിവായി ഈ മേഖലയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ പരിസ്ഥിതി സ്നേഹികളും കര്‍ഷകരും സര്‍ക്കാരുമായി കൈകോര്‍ക്കണം. ഒരു വശത്ത് കര്‍ഷകരെയും മറുവശത്ത് വന്യ ജീവികളെയും സംരക്ഷിക്കേണ്ട ദുഷ്കരമായ ദൗത്യമാണ് വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്.അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു ഉപദേശക സമിതി രൂപീകരിക്കുന്നത്. അതില്‍ റിസോര്‍ട്ട് ഉടമകളെയും നഴ്സറി ഉടമകളെയും ഉള്‍പ്പെടുത്തിയത് വിവാദക്കേണ്ടതില്ലെന്നും യോഗ്യരായ വരാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ജനവാസ മേഖലകളില്‍ ഇറങ്ങുന്ന ആനകളെ ഓടിക്കാന്‍ പടക്കമെറിയുന്ന രീതിയാണ് ഇപ്പോഴും വനം വകുപ്പ് പിന്തുടരുന്നത്. അതിനു മാറ്റം വരേണ്ടതുണ്ടെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പോസിറ്റീവ് കണ്ടീഷനിംഗ് രീതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടിലില്‍ താമസിക്കുന്നവര്‍ക്ക് മഴക്കാലം ദുഷ്കരമാണ്. സുരക്ഷിത ജീവിതം ഉള്ളവര്‍ക്ക് മഴ റൊമാന്റിക്കാണ്. അതുപോലെ ആന ഉള്‍പ്പടെയുള്ള വന്യജീവികള്‍ ജനവാസമേഖലകളില്‍ ഇറങ്ങുന്നത് പാവങ്ങള്‍ക്ക് ജീവന്മരണ പ്രശ്നമാണ്. സഞ്ചാരികള്‍ക്ക് അത് മനോഹരക്കാ ഴ്ചയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പാവപ്പെട്ട ജനങ്ങള്‍ക്കൊപ്പമാണെന്നും കൂട്ടായ്മയിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ.സിറിയക് തോമസ് എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ പൂഞ്ഞാര്‍ എം എല്‍ എ എം. ജെ. സെബാസ്റ്റ്യന്‍, കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി. പുഗഴേന്തി, കോഴിമല രാജാവ് രാമന് രാജമന്നാന്, ഷാജി കുരിശുമൂട് , വൈല്‍ഡ് ലൈഫ് ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments