തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള: കുന്നംകുളത്ത് ഭക്ഷണപ്പുര ഒരുങ്ങി*
തൃശ്ശൂർ റവന്യൂ ജില്ലാ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള കലവറ കുന്നംകുളത്ത് സജ്ജമായി. ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലവറയിലെ പാലുക്കാച്ചൽ ചടങ്ങ് കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പി.ജി. ജയപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൻസി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സോമസേഖരൻ, വിവിധ നഗരസഭാ കൗൺസിലർമാർ, തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല ടി., കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുബാറക് ടി.എം., കെ.സി. വേണുഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഭക്ഷണ കമ്മിറ്റി കൺവീനർ ജീജോ സി.ആർ. ചടങ്ങിന് സ്വാഗതം ആശംസിച്ചു.
ഒക്ടോബർ ഏഴ് മുതൽ പത്ത് വരെ കുന്നംകുളം സീനിയർ ഗ്രൗണ്ടിലാണ് കായികമേള നടക്കുന്നത്. നാലു ദിവസങ്ങളിലായി എത്തുന്ന ആയിരക്കണക്കിന് കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും വിഭവസമൃദ്ധമായ ഭക്ഷണം സമയബന്ധിതമായി എത്തിക്കുന്നതിനുള്ള മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
- Log in to post comments